Asianet News MalayalamAsianet News Malayalam

ആനയാംകുന്നില്‍ പടര്‍ന്നത് എച്ച്‍വണ്‍എന്‍വണ്‍; പരിശോധനാ ഫലം പുറത്ത്

മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്‍വണ്‍എന്‍വണ്‍ ‍ ആണെന്ന് സ്ഥിരീകരിച്ചത്. 
 

anayamkunnu fever h1n1 medical report
Author
Calicut, First Published Jan 8, 2020, 6:33 PM IST

കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്‍വണ്‍എന്‍വണ്‍ ‍ ആണെന്ന് സ്ഥിരീകരിച്ചത്. 

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്.   കാരശേരി ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നൂറിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടിയതിനെത്തുടര്‍ന്നായിരുന്നു ഏഴ് പേരുടെ സ്രവ സാംപിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചത്. ഇതില്‍ അ‍ഞ്ച് പേര്‍ക്കും എച്ച്‍വണ്‍എന്‍വണ്‍ ആണെന്ന്  വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലz പരിശോധനയില്‍ വ്യക്തമായി. ഒരു അധ്യാപികയ്ക്കും നാല് വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വൈറല്‍ പനിക്കുളള മരുന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നത്. പരിശോധന ഫലം പുറത്തു വന്ന സാഹചര്യത്തില്‍ എച്ച്1 എന്‍1നുളള മരുന്ന് ഉടന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി ബാധിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ഡിഎംഓ വ്യക്തമാക്കി.

ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്കൂളിലെ 163 കുട്ടികളും 13 അധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടത്. തൊട്ടടുത്ത ഗവ. എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്.  ഇതോടെ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി സ്കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അഡീഷണല്‍ ഡി എം ഒ ഡോ.ആശാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.  മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ച ശേഷമാകും കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണോ എന്ന് തീരുമാനമെടുക്കുക എന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. 

Read Also: ആശങ്കയായി 'കൂട്ടപ്പനി'; ആനയാംകുന്നില്‍ ഇന്ന് ചികിത്സ തേടിയത് 34 പേര്‍
 

Follow Us:
Download App:
  • android
  • ios