ഹരിപ്പാട്‌: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച്  ആന്ധ്ര സ്വദേശി മരിച്ചു. വിശാഖപട്ടണം സ്വദേശി ചിന്ന റാവു (35) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി കല്പകവാടിയ്ക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് കന്നുകാലികളുമായി എത്തിയ ലോറി ദേശീയപാതയ്ക്കരികിലായി നിർത്തിയിട്ടിരിക്കുകയായിരുന്നു. 

പുറകിൽ നിന്നും വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്ന കന്നുകാലി ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കന്നുകാലി ലോറിയുടെ പുറകുവശത്ത് വിശ്രമിക്കുകയായിരുന്ന ചിന്ന റാവുവിന് ഗുരുതര പരിക്ക് ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്തു. 

അപകടത്തിൽ ഇരുപത് കന്നുകാലികളും ചത്തു. കണ്ടെയ്നർ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലിസും  ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ വശത്തേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.