അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഹോമിയോ ചികിത്സാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഹോമിയോ മരുന്നുകളോട് വിശ്വാസമുണ്ടായത് പകര്‍ച്ച വ്യാധികളുടെ കാലത്താണ്. 

ഹോമിയോ ചികിത്സാരീതികള്‍ ഇത്രയേറെ ജനകീയമാകുന്നത് ഈ അടുത്ത സമയത്താണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ വീടുകളിലെത്തി രോഗപ്രതിരോധ ശക്തി നല്‍കുന്ന മരുന്നുകള്‍ വിതരണം ചെയ്തത് ഹോമിയോ വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 10 ലക്ഷം വിനിയോഗിച്ചാണ് അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കരിച്ചാറ ഹോമിയോ ആശുപത്രി മന്ദിരം നവീകരിച്ചത്. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Read more: കേരളവുമായി അഞ്ച് മേഖലകളില്‍ സഹകരണം'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയന്‍ മന്ത്രി

നഗരത്തിലെ റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും

നഗരത്തിലെ റോഡുകളുടെ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി ടൈം ടേബിള്‍ തയ്യാറാക്കാനും എല്ലാ മാസവും മന്ത്രിതലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്മാര്‍ട് സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെട്ടതും കെ.ആര്‍.എഫ്.ബിയുടെ കീഴിലുള്ളതുമായ എല്ലാ റോഡുകളും സമയബന്ധിതമായി നവീകരിക്കാന്‍ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സാങ്കേതിക കാരണങ്ങളാല്‍ നവീകരണം വൈകുന്ന റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കും. സാങ്കേതിക കാരണങ്ങളാല്‍ റോഡ് നിര്‍മാണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്നും ഇതൊഴിവാക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം