Asianet News MalayalamAsianet News Malayalam

യു പ്രതിഭ എംഎൽഎയ്ക്ക് എതിരെ കായംകുളം ഡിവൈഎഫ്ഐയിൽ പ്രതിഷേധം; കൂട്ടരാജി

കായംകുളത്തെ ഡിവൈഎഫ്ഐയുടെ 21 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജിവച്ചിട്ടുണ്ട്. യു പ്രതിഭ എംഎൽഎയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന.

anger against u prathibha mla and ci of kayamkulam many in dyfi resigns
Author
Kayamkulam, First Published May 3, 2020, 2:45 PM IST

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജി വച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ നിർദേശം നൽകിയിട്ടുണ്ട്.

അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദിന്‍റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയതിൽ ഡിവൈഎഫ്ഐ നേതാക്കളിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ടായിരുന്നു. സിഐ എത്തി പരിശോധന നടത്തിയ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഒരു വധശ്രമക്കേസിൽ പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം. എന്നാൽ സിഐയെക്കൊണ്ട് എംഎൽഎ ഇവരെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പ്രത്യാരോപണം. ഈ സിഐയെ പിന്തുണയ്ക്കുന്നത് എംഎൽഎ ആണെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ ഡിവൈഎഫ്ഐ പ്രവർത്തകർ രാജിവയ്ക്കുന്നത്. 

ഒരു ബ്ലോക്ക് കമ്മിറ്റിയിലെ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കൂട്ടത്തോടെ രാജി വച്ച സാഹചര്യത്തിൽ എന്താണ് രാജിക്കിടയാക്കിയ കാരണങ്ങളെന്ന് പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തോട് രാജിയുടെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറി ആർ നാസർ നിർദേശം നൽകി. 

രാജി അറിയിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നതിങ്ങനെയാണ്:

''To, 
സെക്രട്ടറി, സിപിഐ(എം), കായംകുളം ഏരിയാ കമ്മറ്റി

സഖാവെ,

കായംകുളത്തെ പൊലീസ് നിരന്തരമായി ഡിവൈഎഫ്ഐ സഖാക്കളെ ആക്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സഖാവ് സാജിദിന്‍റെ വീട്ടിൽ നിരന്തരമായ പ്രശ്നങ്ങളാണ് സിഐയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇത് കൂടാതെ എംഎൽഎ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ, കഴിഞ്ഞ ദിവസം കായംകുളം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിൽ വച്ച്, എന്ത് വിലകൊടുത്തും സഃ സാജിദിനെ സിഐ അറസ്റ്റ് ചെയ്യുമെന്ന് പറയുകയുണ്ടായി. അത് സിഐ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സിഐക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് കഴിയാത്തത് ഖേദകരമാണ്. ഈ കാരണത്താൽ താഴെ പറയുന്ന സഖാക്കൾ ഡിവൈഎഫ്ഐ പ്രവർത്തനത്തിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുന്നു''

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ എംഎൽഎയെ കാണാനില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളിൽ ചിലർ ഉന്നയിച്ചിരുന്നതാണ്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് യു പ്രതിഭ എംഎൽഎ സ്വന്തം ഫേസ്ബുക്ക് പേജിൽ മറുപടിയുമായി രംഗത്തെത്തിയത്. ഇതേ മറുപടിയിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ അപമാനകരമായ പരാമർശങ്ങളോടെ വിമർശിക്കുകയും ചെയ്തു അവർ. 

ഇതിനെല്ലാം പിന്നാലെയാണ് ഡിവൈഎഫ്ഐയിലെയും സിപിഎമ്മിലെയും ഈ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നത്. 

വാർത്ത കാണാം:

Follow Us:
Download App:
  • android
  • ios