Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തും രക്ഷയില്ലാതെ വന്യമൃഗങ്ങള്‍; വയനാട്ടില്‍ മൃഗവേട്ട വര്‍ധിച്ചു

പുറംജില്ലകളില്‍ നിന്നെത്തുവര്‍ വരെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് മലമാന്‍, പുള്ളിമാന്‍, കാട്ടുപോത്ത് തുടങ്ങിയവയെ വേട്ടയാടിയെന്ന കേസില്‍ പിടിയിലായത്.
 

Animal Hunt Case increase Wayanad Amid Covid Lock down
Author
Kalpetta, First Published Jul 14, 2021, 8:58 PM IST

കല്‍പ്പറ്റ: കൊവിഡ് ലോക്ക്ഡൗണിലും വയനാട്ടില്‍ കുറയാതെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസ്.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും മൃഗവേട്ട വര്‍ധിച്ചിരിക്കുകയാണ്. പുറംജില്ലകളില്‍ നിന്നെത്തുവര്‍ വരെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് മലമാന്‍, പുള്ളിമാന്‍, കാട്ടുപോത്ത് തുടങ്ങിയവയെ വേട്ടയാടിയെന്ന കേസില്‍ പിടിയിലായത്. 

മെയ് 12ന് തിരുനെല്ലിയില്‍ മലമാനിനെ വേട്ടയാടിയ കേസില്‍ മൂന്നുപേര്‍ പിടിയിലായി. ജൂണ്‍ 24ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുള്‍പ്പെടുന്ന കേണിച്ചിറയിലായിരുന്നു അടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്തത്. കേണിച്ചിറ അതിരാറ്റുകുന്നില്‍ പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ അഞ്ച് പേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കേളമംഗലം വനത്തില്‍ നിന്നാണ് ഈ സംഘം മാനിനെ വേട്ടയാടിയത്. ഇറച്ചി വില്‍പ്പനക്ക് പ്രതികള്‍ ചിലരുമായി ബന്ധപ്പെട്ടതോടെ വിവരം വനംവകുപ്പിന് ലഭിച്ചു. ആദ്യം പിടികൂടിയ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ വലയിലാക്കിയത്. 

ജൂലൈ പത്തിന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മാന്‍വേട്ട നടത്തിയ അഞ്ച് പേരെ പിടികൂടിയിരുന്നു. തിരുനെല്ലി അക്കൊല്ലികുന്ന് വനമേഖലയിലായിരുന്നു സംഭവം. മാനിനെ സംഘം കെണിവെച്ച് പിടികൂടുകയായിരുന്നു. പിന്നീട് ഇറച്ചിയാക്കി വില്‍പ്പന നടത്താനായിരുന്നു പദ്ധതി. ഏറ്റവും അവസാനമായി ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് സംഭവങ്ങളിലായി കാട്ടുപോത്തും പുള്ളിമാനും വേട്ടയാടപ്പെട്ടു. ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലാണ് കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ആറംഗസംഘമായിരുന്നു സംഭവത്തിന് പിന്നിലെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. 

വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിനൊടുവിലാണ് വേട്ടസംഘത്തെ കണ്ടെത്തിയതെന്ന് വനംഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന കല്ലോനിക്കുന്ന് വനത്തില്‍ നിന്ന് മാനിനെ വേട്ടയാടിയെന്ന കേസില്‍ പാലക്കാട് മഴുവഞ്ചേരി സ്വദേശിയായ ടൈറ്റസ് ജോര്‍ജ് (33) ആണ് പിടിയിലായത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുള്ള കാട്ടില്‍ നിന്ന് മൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാനിയാണ് ടൈറ്റസ് എന്നാണ് വനംവകുപ്പ് പറയുന്നത്. നിലമ്പൂര്‍ കരുവാരകുണ്ട് സ്വദേശികളായ മറ്റു പ്രതികള്‍ ടൈറ്റസിനൊപ്പം ഉരുളത്ത് എത്തി പ്രദേശവാസികളായ അഞ്ച് പേരുടെ സാഹയത്തോടെ മാനിനെ വേട്ടയാടുകയായിരുന്നുവെന്നാണ് കേസ്. 

നിലമ്പൂര്‍ സ്വദേശികളായ പ്രതികളെ തോക്കും മാനിറച്ചിയുമായി നെല്ലിയാമ്പതിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മുണ്ടൂര്‍, നെല്ലിയാമ്പതി, നെന്മാറ, ഇരുളം എന്നിവിടങ്ങളിലെത്തി മൃഗവേട്ട നടത്തിയതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇരുളം സ്വദേശികളായ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. മൃഗവേട്ട വര്‍ധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios