'ക്യാപ്ച്ചര്‍ ഗണ്‍ ഉപയോഗിച്ച് മയക്കു വെടിവയ്ക്കുന്നത് എങ്ങനെയാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി തരുന്നത്.'
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടിവച്ചിടുന്നത് എങ്ങനെയെന്ന് അറിയാന്‍ അവസരമൊരുക്കി മൃഗസംരക്ഷണ വകുപ്പ്. കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാമേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലാണ് മയക്കുവെടിവെയ്ക്കുന്നത് എങ്ങനെയാണെന്ന് പൊതുജനങ്ങള്‍ക്കായി വിവരിക്കുന്നത്.
മൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ മിഥ്യാധാരണകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്കായി സംവിധാനമൊരുക്കിയിട്ടുള്ളത്. ക്യാപ്ച്ചര്‍ ഗണ്‍ ഉപയോഗിച്ച് മയക്കു വെടിവയ്ക്കുന്നത് എങ്ങനെയാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി തരുന്നത്. 27-ാം തീയതി വരെ, വൈകിട്ട് അഞ്ചു മണി മുതല്‍ ഈ പ്രകടനം ഉണ്ടാകും.
മറ്റ് നിരവധി കാഴ്ചകളും മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലൊരുക്കിയിട്ടുണ്ട്. കുഞ്ഞന്‍ ഫാന്‍സി മൈസ് മുതല്‍ ഭീമന്‍ ഇഗ്വാനയെ വരെ നേരിട്ട് കാണാം. അപൂര്‍വയിനം സ്‌കോട്ടിഷ് ഫോള്‍ഡ് ഉള്‍പ്പെടെ അഞ്ചിനം പൂച്ചകളും, ഹാംസ്റ്ററുകളും, കോഴികളും, ഗ്രേ പാരറ്റ് ഉള്‍പ്പെടെയുള്ള പക്ഷികളും സ്റ്റാളിലുണ്ട്. ഇന്ത്യന്‍ മൂര്‍ഖന്റേത് ഉള്‍പ്പെടെ ഫോര്‍മാലിന്‍ ലായനിയില്‍ സൂക്ഷിച്ച സ്‌പെസിമെനുകള്‍, പാലില്‍ അണുബാധയുണ്ടോ എന്നറിയാനുള്ള പരിശോധന കിറ്റ്, പശു, ആട് കോഴി എന്നിവയ്ക്ക് വരുന്ന വിവിധയിനം രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍, ആനയുടെ പല്ല് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി കൊടി പിടിക്കാത്തവര്‍ക്ക് ജോലിയില്ല; ആദിവാസി ക്ഷേമ സമിതി നേതാവിന്‍റെ ശബ്ദരേഖ

