ദേശീയപാതയിൽ ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ  മരിച്ചു. പുതിയവിള വെങ്കിടേശ്വര നിലയത്തിൽ അരുൺ ആണ് മരിച്ചത്.

ഇടുക്കി: ദേശീയപാതയിൽ ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പുതിയവിള വെങ്കിടേശ്വര നിലയത്തിൽ അരുൺ ആണ് മരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. 

രാത്രി 11.15-ഓടെ ചേപ്പാട് എൻടിപിസി ജങ്ഷന് സമീപമായിരുന്നു സംഭവം. ആക്രി കയറ്റിവന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയും രണ്ടുകാറുകളുമാണ് അപകടത്തിൽപ്പെട്ടത്. ഒരുകാർ പൂർണമായി തകർന്നു. ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി എതിർദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു. 

ഇതേത്തുടർന്ന് ലോറിക്കു പിന്നിൽ മറ്റൊരു കാർ ഇടിച്ചു. എതിർദിശയിൽ വന്ന കാറാണ് പൂർണമായി തകർന്നത്. ഇതിലുണ്ടായിരുന്ന കായംകുളം കരീലകുളങ്ങര സ്വദേശികളായ നാസ്, രമേശ്, അരുൺ, വിഷ്ണു എന്നിവരടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇതിൽ വിഷ്ണു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.

എല്ലാവരെയും ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ലോറിക്കു പിന്നിലിടിച്ച കാറിലുണ്ടായിരുന്നവർക്കും ചെറിയ പരിക്കുണ്ട്. 

ലോറിയുടെ മുൻ ചക്രങ്ങൾ അപകടത്തിൽ ഊരിത്തെറിച്ചു. ഡീസൽ ടാങ്ക് പൊട്ടി റോഡിൽ പരന്ന ഡീസൽ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തിയാണ് നീക്കിയത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.