വള്ളിക്കുന്നം: വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ രാത്രി പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. വള്ളിക്കുന്നം കടുവിങ്കൽ തിരുവാതിര സന്ധ്യയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് കത്തിച്ചത്. വ്യാഴാഴ്ച്ച രാത്രി 2.30 ഓടെയാണ് സംഭവം.

സ്കൂട്ടറിന് സമീപം സൂക്ഷിച്ചിരുന്ന സൈക്കിൾ, കസേര, മേൽക്കൂര എന്നിവയും കത്തിനശിച്ചിട്ടുണ്ട്. കാർ ഉണ്ടായിരുന്നെങ്കിലും സർവ്വീസ് സെന്ററിൽ കൊടുത്തിരിക്കുകയായിരുന്നു. സന്ധ്യയും രണ്ട് മക്കളും രോഗിയായ മാതാവുമാണ് ഇവിടെ താമസം.

ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് തീ അണച്ചത്. മതിൽ ചാടി കടന്ന് എത്തിയവർ ലൈറ്റുകൾ ഊരി മാറ്റിയ ശേഷം പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു. ആലപ്പുഴ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി. സന്ധ്യയുടെ ഭർത്താവ് കരുണാകരൻ പിള്ള വിദേശത്താണ്. വള്ളിക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.