വന്‍ സ്‌ഫോടനശബ്ദം കേട്ടാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

ചാരുംമൂട്: ആലപ്പുഴ ചാരുംമൂട് വിധവയായ വയോധികയുടെ സ്റ്റേഷനറികട സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. നൂറനാട് ഉളവുക്കാട് പി എച്ച് സി വാര്‍ഡിലെ നാലുമുക്ക് ജംഗ്ഷന് സമീപത്തെ കനാല്‍ ജംഗ്ഷനില്‍ പന്നിത്തടത്തില്‍ സരോജനി (66) നടത്തിവന്ന കടയാണ് കത്തിനശിച്ചത്. 15 വര്‍ഷമായി നടത്തിവരുന്ന കടയാണ് അക്രമികള്‍ നശിപ്പിച്ചത്. ശനിയാഴ്ച (ഇന്ന്) പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വന്‍ സ്‌ഫോടനശബ്ദം കേട്ടാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ പൊലീസും കായംകുളത്തു നിന്നും എത്തിയ അഗ്‌നിശമന സേനയും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ശനിയാഴ്ച സരോജനി ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പാഴാണ് കട കത്തിനശിച്ച വിവരം അയല്‍വാസി അറിയിച്ചത്. സാധുവായ വയോധികയുടെ അന്നം മുട്ടിച്ച സാമൂഹ്യ ദ്രോഹികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. നൂറനാട് പൊലീസ് കേസെടുത്തു.