മാന്നാർ: മാന്നാറില്‍ സാമൂഹ്യ വിരുദ്ധർ കരകൃഷികൾ നശിപ്പിച്ചു. പഞ്ചായത്ത് ടൗൺ വാർഡിൽ കരട്ടിശ്ശേരി പുത്തൻ മഠത്തിൽ ജയകുമാറിന്റെ  പുരയിടത്തിലെ കരകൃഷികളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. 

ജയകുമാർ മാന്നാർ പൊലീസിൽ പരാതി നൽകി. തോട്ടുമുഖം ഭാഗത്ത് വീടിനോടു ചേർന്നുള്ള പുരയിടത്തിൽ വിളവെടുക്കാറായ വാഴകൾ, കപ്പ, ചീര, മുളക്, ഓമ തുടങ്ങിയ കരക്കൃഷികളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. കൂടാതെ ഇയാളുടെ ഉടമസ്ഥതയിലുള്ള അനി ഇലക്ട്രിക്കൽ സ്ഥാപനത്തിന്‍റെ ഷട്ടർ ഉയർത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള ശ്രമം നടത്തിയതായും പരാതിയിൽ പറയുന്നു.

പ്രദേശത്ത് രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വർധിച്ച് വരികയാണ്. തോട്ടുമുഖം കടവിൽ കുളിക്കാനും വസ്ത്രം അലക്കാനുമെത്തുന്ന സ്ത്രീകളെ മദ്യപാനികൾ അശ്ലീല ചുവയോടെ അസഭ്യം പറയുകയും ശല്യം ചെയ്യുന്നതായും നാട്ടുകാർ ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.