Asianet News MalayalamAsianet News Malayalam

ട്രാക്കിലും പഠനത്തിലും ഒന്നാമതാണ് അപര്‍ണ ; പ്ലസ് ടൂ പരീക്ഷയില്‍ നേടിയത് മിന്നും വിജയം

ശ്രദ്ധേയമായ മെഡൽനേട്ടങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി ചേർന്നപ്പോഴാണ് അപർണയ്ക്ക് 1200 മാർക്കിലേക്ക് കുതിക്കാനായത്.

aparna scored good mark in plus two
Author
Kozhikode, First Published May 14, 2019, 6:52 PM IST

കോഴിക്കോട്: സ്പോര്‍ട്സില്‍ മാത്രമല്ല പഠനത്തിലും താന്‍ പൊളിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കായിക താരം അപര്‍ണ റോയ്. ട്രാക്കിൽ നിന്നും സ്വർണം വാരി കൂട്ടിയ ദേശീയ കായിക താരം അപർണ റോയ്ക്ക് പ്ലസ്ടു പരീക്ഷയിലും മിന്നും തിളക്കമാണ്. തിരുവമ്പാടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണ കൊമേഴ്സിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് വിജയിച്ചത്. 

സംസ്ഥാന സ്കൂള്‍ കായികമേളയിൽ ആറ് തവണ നൂറുമീറ്ററില്‍ മെഡല്‍ നഷ്ടമാകാതെ സൂക്ഷിച്ച അപര്‍ണ പ്രഥമ ഖേലോ ഇന്ത്യ മത്സരത്തിൽ മികച്ച അത്‌ലറ്റായി.  നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടം, നൂറ് മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് അപർണ ദേശീയ സംസ്ഥാന മേളകളിൽ നേട്ടം കൊയ്തത്. 

ദേശീയ, അന്താരാഷ്‌ട്രതലങ്ങളിൽ നിരവധി സ്വർണപ്പതക്കങ്ങൾ നേടിയ അപർണയ്ക്ക് മത്സരങ്ങൾ കാരണം പലപ്പോഴും സ്കൂളിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അധ്യാപകരും സഹപാഠികളുമാണ് പഠനത്തിൽ സഹായിച്ചിരുന്നത്. എന്നാൽ, നോട്ടുകൾ മുഴുവൻ എഴുതി വയ്ക്കുന്ന സ്വഭാവം അപർണയ്ക്കില്ല.

 മത്സരങ്ങൾക്ക് പോകുമ്പോൾ  പുസ്തകങ്ങള്‍ കൊണ്ടുപോകാറുമില്ല. ടെക്സ്റ്റ് പുസ്തകങ്ങൾ പഠിച്ചാണ് മികച്ച വിജയത്തിലേക്ക് അപര്‍ണ്ണ ഫിനിഷ് ചെയ്തത്. ശ്രദ്ധേയമായ മെഡൽനേട്ടങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി ചേർന്നപ്പോഴാണ് അപർണയ്ക്ക് 1200 മാർക്കിലേക്ക് കുതിക്കാനായത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളായ അപര്‍ണ.
 

Follow Us:
Download App:
  • android
  • ios