പിന്നീട് ഫുട്ബോള്‍ കളിക്കുശേഷം വീട്ടിലേക്ക് പോയവരെ ഒരു വിഭാഗം ആളുകള്‍ തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു
കൊച്ചി: ഫുട്ബോള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കത്തിൽ തെരുവിൽ പരസ്പരം ഏറ്റുമുട്ടി യുവാക്കള്‍. മൂവാറ്റുപുഴയിൽ പണിമുടക്ക് ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്ച രാത്രിയാണ് ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഫുട്ബോള്‍ കളിക്കാൻ എത്താമെന്ന് പറഞ്ഞവരിൽ ചിലര്‍ എത്തിയിരുന്നില്ല.
ഇതേതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പിന്നീട് ഫുട്ബോള്‍ കളിക്കുശേഷം വീട്ടിലേക്ക് പോയവരെ ഒരു വിഭാഗം ആളുകള്‍ തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉറവക്കുഴിയിൽ വെച്ച് യുവാക്കള്‍ തമ്മിൽ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയിൽ കലാശിച്ചു.
കയ്യിലുണ്ടായിരുന്ന ഇടിവളയടക്കം ഉപയോഗിച്ച് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഹെല്‍മറ്റുകടളക്കം എടുത്ത് പരസ്പരം ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും കയ്യാങ്കളിയുടെ ഭാഗമായി യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ വീട്ടുകാര്‍ ഇടപെട്ടതോടെയാണ് കയ്യാങ്കളിയായതെന്നാണ് വിവരം.
ഇവര്‍ പറഞ്ഞതനുസരിച്ചാണ് വീട്ടിലേക്ക് പോയവരെ തിരിച്ചുവിളിച്ചതെന്നാണ് വിവരം. സംഭവത്തിൽ നാലുപേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പ്രതികളായ യുവാക്കള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെയും ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായിട്ടുണ്ട്. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മുതിര്‍ന്നവര്‍ ഇടപെട്ട് വടിവാള്‍ വീശിയ സംഭവം അടക്കം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ രീതിയിൽ വീണ്ടും സംഘര്‍ഷമുണ്ടായത്.



