സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

ബി.കോം അവസാന വര്‍ഷത്തിന് പഠിക്കുന്ന അബ്ദുള്‍ റഹിമാന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം. ഫിനാന്‍സ് വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ വലത് കണ്ണിന് താഴെ എല്ലുകള്‍ പൊട്ടിയ മുഹമ്മദ് ഷാക്കിര്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളേജ് അധികൃതര്‍ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ലെന്നും സിസിടിവി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മുഹമ്മദ് ഷാക്കിറിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ബുധാഴ്ച വൈകിട്ട് കോളേജ് വിട്ട നേരം സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോള്‍ അബ്ദുള്‍ റഹ്മാര്‍ ചീത്തവിളിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുഖത്ത് ഇടിച്ചത്. ഇത് മുഖത്ത് ഗുരുതര പരിക്കിന് വഴിവെക്കുകയും ചെയ്തു.