ഇടുക്കി: അഭിമന്യുവിന്‍റെ അനുജത്തിയുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അർജ്ജുന്‍ കൃഷ്ണയെത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനോടൊപ്പം എസ്ഡിപിഐക്കാരുടെ കുത്തേറ്റ അർജ്ജുൻ കൃഷ്ണ മാസങ്ങളായി ചികിൽസയിലായിരുന്നു. തന്‍റെ മകനോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അർജ്ജുന്‍റെ സാന്നിധ്യം അഭിമന്യുവിന്‍റെ അച്ഛനും ബന്ധുക്കൾക്കും ആശ്വാസമായി. 

മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ അർജ്ജുനെ കുത്തിയെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിലായിരുന്ന അർജ്ജുൻ ആദ്യമായാണ് വട്ടവടയിലെത്തുന്നത്. തന്‍റെ സുഹൃത്തിന്‍റെ ബന്ധുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അര്‍ജ്ജുന്‍ പറഞ്ഞു. 

കുഞ്ഞുപെങ്ങൾക്കായി കൊണ്ടുവന്ന മോതിരം, വിവാഹ സമ്മാനമായി നൽകി. സുഹൃത്തിന്‍റെ അനുജത്തിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി  ഇന്നലെ രാത്രിയോടെ തന്നെ മഹാരാജാസ് കോളേജില്‍ നിന്ന്  100-ൽ അധികം വിദ്യാർത്ഥികൾ വട്ടവടയിലെത്തിയിരുന്നു.