Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും മുമ്പേ പ്രചാരണ ചൂടില്‍ അരൂര്‍; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ആലപ്പുഴയുടെ അതിര്‍ത്തിയാണ് അരൂരെങ്കിലും ആകാശക്കാഴ്ചയില്‍ മൂന്ന് പാലങ്ങള്‍കൊണ്ട് കൊച്ചിയോടാണ് അരൂരിന് അടുപ്പം. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിലും പത്തിലും അരൂര്‍ ഇടത്തേയ്ക്കാണ് ചാഞ്ഞത്. 

aroor by election developments and candidates announcement
Author
Aroor, First Published Sep 25, 2019, 5:22 PM IST

ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകും മുമ്പേ അരൂരില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണ ആവേശം തുടങ്ങി. എല്‍ഡിഎഫും യുഡിഎഫും ബൂത്തുതല കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്‍ഡിഎയ്ക്കായി മത്സര രംഗത്ത് ഇറങ്ങുന്ന ബിഡിജെഎസും ശക്തമായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. എല്‍ഡിഎഫ് രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

അരൂരിലെ ചുവരുകള്‍ ആദ്യം ബുക്ക് ചെയ്തത് പ്രചാരണം തുടങ്ങിയത് എല്‍ഡിഎഫ് ആണ്. 10 വര്‍ഷത്തിനിടയില്‍ ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. 2009 ല്‍ കെസി വേണുഗോപാല്‍ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ആലപ്പുഴ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2018ല്‍ കെ കെ രാമചന്ദ്രന്‍ പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു.

ആലപ്പുഴയുടെ അതിര്‍ത്തിയാണ് അരൂരെങ്കിലും ആകാശക്കാഴ്ചയില്‍ മൂന്ന് പാലങ്ങള്‍കൊണ്ട് കൊച്ചിയോടാണ് അരൂരിന് അടുപ്പം. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിലും പത്തിലും അരൂര്‍ ഇടത്തേയ്ക്കാണ് ചാഞ്ഞത്. ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് നിയമസഭയില്‍ അരൂരില്‍ നിന്ന് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. 

അരൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കനാകുമെന്നാണ് റിപ്പോര്‍ട്ട്. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അരൂര്‍ നിയമസഭാമണ്ഡലം പ്രസിഡന്റും പാണാവള്ളി പഞ്ചായത്തംഗവുമായ  എസ് രാജേഷിന്റെ പേര് പരിഗണനയിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കാര്യമായ വോട്ട് വര്‍ധനവ് ഉണ്ടായ സ്ഥലമാണ് അരൂരെന്നാണ് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ആ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി കൊഴുപ്പിക്കുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎയ്ക്ക് വോട്ട് കുറവായിരുന്നു.

Follow Us:
Download App:
  • android
  • ios