ഏതാനും നാളുകൾക്ക് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ കടന്നുപോകവെ പാലത്തിൽ നിന്ന് തോട്ടിൽ വീണിരുന്നു. തൊഴിലാളികൾ വിളിച്ചു കൂവിയതിനെ തുടർന്ന് സമീപവാസികളാണ് ഇവരെ കരയ്ക്കെത്തിച്ചത്.
തലവടി: മറുകര താണ്ടാൻ ഒറ്റത്തടിപാലം ശരണം. വട്ടടി നിവാസികളുടെ ഈ ദുരിതം എന്നു തീരും? നെല്ലിപ്പറമ്പ് പാലത്തിനായി കാത്തിരിപ്പ് തുടരുന്നു. തലവടി പഞ്ചായത്ത് 10, 12 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെല്ലിപ്പറമ്പ് പാലത്തിനായാണ് നാട്ടുകാരുടെ കാത്തിരിപ്പ് കാലങ്ങളായി തുടരുന്നത്. കൊടകത്തുംപടി മുതൽ നെല്ലുപറമ്പ് പടി വരെയുള്ള പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾക്ക് സഞ്ചരിക്കാനായി ഒറ്റത്തടി പാലം മാത്രമാണുള്ളത്.
പാലത്തിൽ നിന്ന് വീണ് പലർക്കും ഇതിനോടകം പരിക്കേറ്റിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ കടന്നുപോകവെ പാലത്തിൽ നിന്ന് തോട്ടിൽ വീണിരുന്നു. കൂടെയുള്ള തൊഴിലാളികൾ വിളിച്ചു കൂവിയതിനെ തുടർന്ന് സമീപവാസികളാണ് ഇവരെ കരയ്ക്കെത്തിച്ചത്. തോട്ടിലൂടെ വള്ളം കടന്നുപോകുന്ന രീതിയിൽ ഇരുകരയിലും കല്ലുകെട്ടി പാലം ഉയർത്തിയാണ് നേരത്തെ സ്ഥാപിച്ചിരുന്നത്. അപകടത്തെ തുടർന്ന് പാലം താഴ്ത്തിയിരുന്നു. കൊച്ചുകുട്ടികൾ മുതൽ നിരവധി വിദ്യാര്‍ത്ഥികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെ നിരവധി യാത്രക്കാരും ദിവസേന കടന്നുപോകുന്ന പാലമാണ്.
വെള്ളം ഉയർന്നാൽ പാലം വെള്ളത്തിൽ മുങ്ങും. അതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലെത്തും. അടിയന്തിര ഘട്ടത്തിൽ ആശുപത്രി പോകാനോ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനോ ഏറെ ബുദ്ധിമുട്ടാണ്. ഒറ്റത്തടിപാലം മാറ്റി കലുങ്കുപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അടിയന്തിരമായി പാലം നിർമ്മിക്കണമെന്നാണ് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് നാട്ടുകാർ.
