കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടി. മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ എന്നിവ കലർത്തിയിട്ടുണ്ടോയെന്ന് അറിയാൻ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. 

പുതിയാപ്പ ഹാർബർ, കോർപ്പറേഷൻ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്‍റും സംയുക്തമായാണ് പരിശോധന നടത്തിയത്.  വാഹനത്തിൽ സൂക്ഷിച്ച 400 കിലോഗ്രാം അയക്കൂ, ആവോലി എന്നീ മത്സ്യങ്ങൾ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടവ ആ താപനിലയിൽ സൂക്ഷിക്കാതെ കണ്ടെത്തിയതാണ് പിടികൂടിയതെന്ന് കോർപ്പറേഷൻ‌ ഹെൽത്ത് ഓഫിസർ ഡോ ഗോപകുമാർ പറഞ്ഞു. 

സംഭവമുമായി ബന്ധപ്പെട്ട് കെഎൽ 11 എഇ 7398 നമ്പർ കണ്ടെയ്നർ ലോറിയും കസ്റ്റഡിയിലെടുത്തു. ഇ‍വർക്കെതിരെ മുൻസിപ്പൽ നിയമപ്രകാരം നടപടിയെടുക്കും. പരിശോധനയ്ക്ക് ഹെൽത്ത് ഓഫീസർ ഡോ ഗോപകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ‌മാരായ ഡോ ജോസഫ്, ഡോ വിഷ്ണുഷാജി, വെറ്റിറനറി സർ‌ജൻ ഡോ ഗ്രീഷ്മ, ഹെൽത്ത് സൂപ്പർവൈസർ എം എം ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്റ്റർ ടി കെ പ്രകാശൻ, ജൂനിയർ‌ ഹെൽ‌ത്ത് ഇൻസ്പെക്റ്റർ‌മാരായ കെ ബൈജു, കെ ഷമീർ എന്നിവർ നേതൃത്വം നൽകി.