ഐടി പാർക്കിന് തുല്യമായ സൗകര്യങ്ങളോടെ 141 വർക്ക് സ്‌പേസുകൾ ഇവിടെയുണ്ട്. റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, വനിതാ പ്രൊഫഷണലുകൾ എന്നിവർക്ക് ഈ കേന്ദ്രം വലിയൊരു മുതൽക്കൂട്ടാകും.

കൊല്ലം: സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്‌പേസുകളാണുള്ളത്. ചെറുകിട നഗരങ്ങളിൽ ‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിലാണ് വർക്ക് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്. 

അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ എന്നിവയടക്കം ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം. റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ. പ്രത്യേകിച്ച്, കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്ക് സുരക്ഷിതമായ ഈ തൊഴിലിടങ്ങൾ വലിയ മുതൽക്കൂട്ടാകും.

ബി.എസ്.എൻ.എൽ കെട്ടിടത്തിന്റെ താഴത്തെ ഫ്ലോറും ഒന്നാം നിലയും പൂർണ്ണമായും കേന്ദ്രത്തിനായി പ്രയോജനപ്പെടുത്തും. വലിയൊരു തൊഴിൽ സേനയെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കെട്ടിടത്തിൽ, ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും ആധുനിക ഫർണിച്ചറുകളും ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 4.87 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്. 

വർക്ക് നിയർ ഹോം സെന്റർ സജ്ജമാക്കുന്നതിനായി ബി.എസ്.എൻ.എൽ കെട്ടിടം പത്ത് വർഷത്തെ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതൽ 24 വരെ വിപുലമായ ലേണിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. AR/VR, റോബോട്ടിക്‌സ്, ഡ്രോൺ എക്‌സ്പീരിയൻഷ്യൽ സോണുകൾ. വിദഗ്ദ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓൺ സെഷനുകൾ എന്നിവയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാനാകും.