കൊച്ചി:അന്തരിച്ച ചിത്രകാരൻ അശാന്തന്‍റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാര ദാന ചടങ്ങിൽ ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെതിരെ പ്രതിഷേധം. അവാർഡ് ജേതാവായ സിന്ധു ദിവാകരനാണ് അവാർഡ് നിരസിച്ച് പ്രതിഷേധിച്ചത്.

എറണാകുളം ദർബാർ ആർട്ട് ഗാലറിയിൽ നടന്ന ചിത്രകാരൻ അശാന്തന്‍റെ പേരിലുള്ള പ്രഥമ അവാർഡ് ദാന ചടങ്ങിലായിരുന്നു പ്രതിഷേധം. അവാർഡ് ജേതാവായ സിന്ധു ദിവാകരനാണ് പരസ്യമായി അവാർഡ് നിരസിച്ച് പ്രതിഷേധം അറിയച്ചത്. അശാന്തന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെതിരെയാണ് തന്‍റെ പ്രതിഷേധമെന്ന് ചിത്രകാരി സിന്ധു പറ‍ഞ്ഞു.

അശാന്തന്‍റെ മൃതദേഹത്തിന് ലളിത കലാ അക്കാദമിയിൽ പൊതുദ‌ർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. അന്ന് നിരവധി കലാകാരൻമാർ ചിത്രം വരച്ച് പ്രതിഷേധവും അറിയിച്ചിരുന്നു. അവാർഡ് ദാന ചടങ്ങിന്‍റെ ഉദ്ഘാടകനായിരുന്ന മന്ത്രി എകെ ബാലൻ എത്തിയിരുന്നില്ല.