സ്വന്തം ചിത്രം വരച്ചു കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആർട്ടിസ്റ്റ് നന്ദകുമാർ നിങ്ങളെ സഹായിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ ചായക്കൂട്ടുകൊണ്ടും മുതൽക്കൂട്ടുകയാണ് നന്ദകുമാർ.
സ്വന്തം ചിത്രം വരച്ചു കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആർട്ടിസ്റ്റ് നന്ദകുമാർ നിങ്ങളെ സഹായിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ ചായക്കൂട്ടുകൊണ്ടും മുതൽക്കൂട്ടുകയാണ് നന്ദകുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1500 രൂപയിൽ കുറയാത്ത തുക സംഭാവന ചെയ്യുന്നവർക്ക് സൗജന്യമായി മുഖചിത്രം വരച്ചുകൊടുക്കുമെന്നാണ് നന്ദകുമാറിന്‍റെ വാഗ്ദാനം.
ഇന്നലെയും ഇന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ച് കൊടുത്തവർക്കാണ് നന്ദകുമാർ ഈ സ്നേഹ സമ്മാനം നല്‍കുന്നത്. തുക ട്രാൻസ്ഫർ ചെയ്തതിന്‍റെ രസീത് അദ്ദേഹത്തിന് അയച്ചു നൽകുകയോ അദ്ദേഹത്തിന്‍റെ ഫേസ് ബുക്കില്‍ മെസേജ് ചെയ്യുകയോ ചെയ്താല്‍ മതിയാകും. ഒരാളുടെ ഒരു മുഖചിത്രം മാത്രമാകും വരച്ചുകൊടുക്കുകയെന്നും നന്ദകുമാര്‍ പറഞ്ഞു. സിനിമ, പരസ്യചിത്ര മേഖലകളിൽ ഇലസ്ട്രേഷൻ, ഗ്രാഫിക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന നന്ദകുമാർ ഒട്ടേറെ പ്രശസ്ത പുസ്തകങ്ങളുടെ കവർ പേജുകളും വരച്ചിട്ടുണ്ട്.
സ്ഥിരം ജോലികൾക്ക് അവധി കൊടുത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്കായി മുഴുവൻ സമയവും കാരിക്കേച്ചർ വരച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നന്ദകുമാർ. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ തന്‍റെ ബ്രഷുകൊണ്ട് ആകുന്നത് ചെയ്യുകയാണെന്ന് നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
നന്ദകുമാർ വരച്ച ചില സ്കെച്ചുകളാണ് ചുവടെ.


