ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്തെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തകൃഷ്ണനും ഇനി വീട്ടിലിരുന്ന് പഠിക്കാം. ജില്ലാ കളക്ടര്‍ നേരിട്ടെത്തി ടിവി കൈമാറി. ടിവിയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളോ ഇല്ലാത്ത അനന്തകൃഷ്ണനെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാകളക്ടറുടെ ഇടപെടല്‍. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ധനമന്ത്രി തോമസ് ഐസക് കളക്ട്രേറ്റില്‍ ഏല്‍പ്പിച്ചിരുന്ന ടിവികളില്‍ ഒന്നാണ് അനന്തകൃഷ്ണന് നല്‍കിയത്.

ആലപ്പുഴ മാരാരിക്കുളം സ്വദേശി സേതുലക്ഷ്മിയുടെ മകന്‍ അനന്തകൃഷ്ണന്‍ ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ച് മിടുക്കനായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ മണ്ഡലത്തിലാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിയുള്ളത്.

ശാരീരിക പരിമിതികളെ പഠനമികവ് കൊണ്ട് തോല്‍പ്പിച്ചാണ് അനന്തകൃഷ്ണന്‍ പ്ലസ് ടു വരെയെത്തിയത്. എസ്എല്‍ പുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അനന്തകൃഷ്ണന്‍. എഴുതിയ പരീക്ഷകളിലെല്ലാം മിന്നും വിജയം നേടി. എന്നാല്‍, അധ്യയനം ഓണ്‍ലൈന്‍ ആയതോടെ പഠനം മുടങ്ങി. മകന്റെ പഠനത്തിന് മൊബൈലും ടിവിയും വാങ്ങാനുള്ള വരുമാനം അമ്മ സേതുലക്ഷ്മിക്കില്ല. വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണം കൊണ്ടാണ് ഇതുവരെകഴിഞ്ഞിരുന്നത്.

കൊവിഡ് കാലത്ത് ആ വരുമാനവും നിലച്ചു. മകന്റെ പഠനാവശ്യത്തിന് സഹായം തേടി, പലരെയും സമീപിച്ചു ഈ അമ്മ. ഇവരുടെ വീട് കാലപ്പഴക്കത്തില്‍ നിലപൊത്തിയിട്ട് നാളേറെയായി. ഇപ്പോള്‍ വീട്ടുമുറ്റത്ത് താല്‍കാലിക ഷെഡ് ഒരുക്കിയാണ് താമസം. ദുരിതങ്ങള്‍ക്കിടെയിലും മകന്റെ പഠനം മാത്രമാണ് ഈ അമ്മ ആഗ്രഹിക്കുന്നത്. ഈ അമ്മയുടെയും മകന്റെയും ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെ സംപ്രേഷണം ചെയ്തതിന് പിന്നാലെ ഇവരെ തേടി സഹായമെത്തുകയായിരുന്നു. ഇനി അനന്തകൃഷ്ണന് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമാകില്ല...