കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000 സ്ത്രീകളാണ് പരിപാടിയുടെ ഭാഗമായത്.
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ വുമണ്‍സ് മിഡ് നൈറ്റ് റണ്‍ ഏറ്റെടുത്ത് കൊച്ചിയിലെ രണ്ടായിരത്തിലധികം സ്ത്രീകള്‍. പ്രായ വ്യത്യാസമില്ലാതെ വിവിധ മേഖലകളിലെ സ്ത്രീകള്‍ പങ്കെടുത്തതോടെ മിഡ്‌നൈറ്റ് റണ്‍ വിജയകരമായി പൂര്‍ത്തിയായി. മുഖ്യാതിഥിയായെത്തിയ കോസ്റ്റല്‍ പൊലീസ് എഐജി പൂങ്കുഴലി ഐപിഎസും പത്ത് കിലോമീറ്റര്‍ മാരാത്തോണ്‍ പൂര്‍ത്തിയാക്കി.
മുന്‍ കായികതാരങ്ങളായിരുന്ന എംഡി വത്സമ്മ, മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് മിഡ്‌നൈറ്റ് റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. പിന്നാലെ പെണ്‍ക്കൂട്ടങ്ങള്‍ നഗരമധ്യത്തിലേക്ക്. മുഖ്യ അതിഥിയായെത്തിയ പൂങ്കുഴലി ഐപിഎസും മിഡ് നൈറ്റ് റണ്ണിന്റെ ഭാഗമായതോടെ ഏവര്‍ക്കും ആവേശം. മറൈന്‍ ഡ്രൈവും ക്യൂന്‍സ് വാക് വേയിലൂടെയും മൂന്നും പത്തും കിലോമീറ്റര്‍ വാക്കത്തോണും മാരത്തോണും, എല്ലാവരും വിജയകരമായി പൂര്‍ത്തിയാക്കി. 75 വയസുകാരി തൃശൂര്‍ പുത്തന്‍ചിറ സ്വദേശി വത്സല, പങ്കജ കസ്തൂരി നല്‍കുന്ന ആക്ടിവ് റണ്ണര്‍ ഓഫ് ഡേ അവാര്‍ഡിന് അര്‍ഹയായി. സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ സുരക്ഷിത യാത്ര എന്ന സന്ദേശത്തിന്റെ പ്രചാരകരായി ഓരോരുത്തരും. സ്വാഭിമാനത്തോടെ രാത്രിയാത്രകള്‍ക്ക് സജ്ജരാകാനുള്ള ഉള്‍ക്കരുത്തുമായാണ് ഏവരും പിരിഞ്ഞതും.
