പി.വി.പ്രസാദിനേയാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ (Motor Vehicle Department) പയ്യന്നൂര്‍ വെള്ളൂരിലെ സബ് റീജിയണല്‍ ട്രാൻസ്‌പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് (Vigilance Raid). റെയ്‍ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. പി.വി.പ്രസാദിനേയാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരന്തരമായി കൈക്കൂലി വാങ്ങുന്നതയി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിരയായ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻറ് ചെയ്തു. കേസന്വേഷണത്തിന് ദില്ലിയിൽ പോകാൻ മാതാപിതാക്കളിൽ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കൈക്കൂലി ആരോപണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു.

മകൾ പീഡനത്തിരയായ കേസിൽ ആൺ മക്കളെ പ്രതി ചേർക്കാതിരിക്കാൻ എറണാകുളം നോർത്ത് പൊലീസ് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തി മക്കളെ അന്യായമായി പൊലീസ് ജയിലിലാക്കിയെന്നും യുപി സ്വദേശികളായ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്നും മാതാപിതാക്കളുടെ ആരോപണങ്ങൾ കള്ളമാണെന്നും സിറ്റി പൊലീസ് കമീഷണർ എച്ച് നാഗരാജു പ്രതികരിച്ചു.