അമ്പലപ്പാറ വ്യൂ പോയിന്‍റ് മുതല്‍ മലക്കപ്പാറ വരെ നടുവൊടിക്കുന്ന കുഴികളാണ്. പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടത് ഒരു മണിക്കൂറിലേറെ.

തൃശൂർ: യാത്രക്കാരുടെ നടുവൊടിച്ച് അതിരപ്പിള്ളി മലക്കപ്പാറ പാത. 50 കിലോമീറ്ററുള്ള പാതയിലെ അവസാന പത്തു കിലോമീറ്ററാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. പത്തുകിലോമീറ്റര്‍ മാത്രം താണ്ടാന്‍ വേണ്ടത് ഒരുമണിക്കൂറിലേറെയാണ്.

അമ്പത് കിലോമീറ്ററിലധികം വനപാത താണ്ടിവേണം അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലെത്താന്‍. കിഫ്ബി പദ്ധതിയിലാണ് പാത നന്നാക്കിയത്. എന്നാല്‍ അവസാന പത്തു കിലോമീറ്ററില്‍ ഇങ്ങനെയാണ് യാത്ര. തുടക്കത്തില്‍ പത്ത് കോടിയുടെ പദ്ധതി ആയിരുന്നെങ്കിലും പിന്നീടത് 27.96 കോടിയായി ഉയര്‍ത്തി. 

തമിഴ്നാട്ടിലെ ഈറോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.പി.പി ഇന്‍ഫ്രാ പ്രോജക്റ്റ്സ് എന്ന കമ്പനിക്ക് 2020ലാണ് റോഡിന്‍റെ കോണ്‍ട്രാക്ക്റ്റ് നല്കുന്നത്. പക്ഷേ ഇപ്പോഴും അമ്പലപ്പാറ വ്യൂ പോയിന്‍റ് മുതല്‍ മലക്കപ്പാറ വരെ നടുവൊടിക്കുന്ന കുഴികളാണ്. പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടത് ഒരു മണിക്കൂറിലേറെ.

ചെറു വാഹനങ്ങൾ റോഡിലെ കുഴിയില്‍ വീണ് കേടാവുന്നതും പതിവാണ്. അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍, സഞ്ചാരികള്‍ അടക്കം എല്ലാരും കടന്നുപോകുന്ന പാത. മലക്കപ്പാറയിലെ ആദിവാസികള്‍ ചാലക്കുടിയിലെ ആശുപത്രിയിലെത്താന്‍ ആശ്രയിക്കുന്നതും ഇതേ പാതയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം