കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ കാറിൽ ഓട്ടോ ഉരസിയെന്ന പേരിൽ ഓട്ടോ ഡ്രൈവറെയും യാത്രക്കാരായ രണ്ട് സ്ത്രീകളെയും മർദ്ദിച്ചതായി പരാതി. കാറിലുണ്ടായിരുന്ന അഞ്ചോളം പേരാണ് ആക്രമിച്ചതെന്നും ഇവർ മദ്യപിച്ചിരുന്നതായും മർദ്ദനമേറ്റവർ പറഞ്ഞു.

ചെമ്പകപ്പാറയിൽ നിന്ന് കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിരെ വന്ന കാറും ചെറുതായി ഉരസിയതാണ് സംഭവങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്നവർ ഓട്ടോ ഡ്രൈവറോട് തട്ടിക്കയറുകയും തള്ളുകയും ചെയ്തു. ഇത് തടയാനെത്തിയതാണ് ഓട്ടോ യാത്രക്കാരായ ചെമ്പകപ്പാറ സ്വദേശി ലൂസിയും മകൾ ഫാൻസിയും. കാറിലുണ്ടായിരുന്ന വൃദ്ധനടക്കം അഞ്ച് പേർ മൂവരെയും മർദ്ദിച്ചിക്കുകയായിരുന്നു.

വിവരം ഉടൻ തന്നെ കട്ടപ്പന പൊലീസിനെ അറിയിക്കുകയും അവരെത്തി മർദ്ദിച്ചവരിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലൂസിയെയും മകളെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ തന്നെ ആശുപത്രിയിലെത്തി പരിക്കേറ്റവരിൽ നിന്ന് മൊഴിയെടുക്കുമെന്നും ഇപ്പോൾ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതികളോട് നാളെ ഹാജരാവാൻ ആവശ്യപ്പെട്ടുണ്ടെന്നും കട്ടപ്പന പൊലീസ് പറഞ്ഞു.