ചീരാലിൽ പുലിയുടെ ആക്രമണം തുടരുന്നു. 11 വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും 6 എണ്ണത്തെ കൊല്ലുകയും ചെയ്തു
സുല്‍ത്താന്‍ ബത്തേരി: ആഴ്ച്ചകളായി വനംവകുപ്പ് കൂടും സ്ഥാപിച്ച് കാത്തിരിപ്പാണ് ചീരാലില്‍ ഇറങ്ങി ഭീതി വിതക്കുന്ന പുലിക്കായി. എന്നാല്‍ കൂടിന് സമീപത്ത് പോലും വരാതെ കറങ്ങി നടന്ന് പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ് പുലി. ഇന്നലെ കൂടിന് സമീപം കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കൊലപ്പെടുത്തിയതടക്കം പശുക്കളും ആടും നായകളും അടക്കം ഇതുവരെ 11 വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കഴിഞ്ഞു. രണ്ടുമാസങ്ങള്‍ക്കിടെയാണ് ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായത്. 11 എണ്ണത്തില്‍ ആറ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ചീരാല്‍ പണിക്കർപടി നിരവത്ത് കണ്ടത്തില്‍ എല്‍ദോയുടെ വളര്‍ത്തുനായയെയാണ് ഇന്നലെ രാത്രി പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂടിന് സമീപം കെട്ടിയിട്ട നായയെ ആക്രമിക്കുന്നതിന്റെ ബഹളം വീട്ടുകാര്‍ കേട്ടിരുന്നെങ്കിലും ഭയം കാരണം വെളിയിലിറങ്ങാനായില്ലെന്ന് എല്‍ദോ പറഞ്ഞു.
നിരന്തരം ജനവാസ പ്രദേശങ്ങളിലേക്കെത്തി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടിക്കാനായി കൂടിന് പുറമെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി ആവശ്യമെങ്കില്‍ മയക്കുവെടി ഉപയോഗിക്കണമെന്ന അഭിപ്രായവും ജനങ്ങള്‍ക്കിടയിലുണ്ട്. കുറച്ചു വര്‍ഷങ്ങളായ കടുവയും പുലിയും തുടര്‍ച്ചയായി എത്തുന്ന മേഖലയായി ചീരാല്‍ മാറിയെന്നും മനുഷ്യര്‍ തലനാരിഴക്ക് ഇത്തരം മൃഗങ്ങളുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തമിഴ്നാട് വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശിയായ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലി കൂട്ടിൽ കുടുങ്ങി എന്നതാണ്. പച്ചമല എസ്‌റേറ്റിന് സമീപത്ത് തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ റുസിനിയയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലര വയസുകാരിയെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ശബ്ദമുണ്ടാക്കിയെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ കഡാവർ നായയെ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ. വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്.


