നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ രാഹുൽ രാജു അറസ്റ്റിൽ. കാപ്പ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് രാഹുൽ.
തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന കരിപ്പൂർ വാണ്ട സ്വദേശി രാഹുൽ രാജു (27) അറസ്റ്റിൽ. ഫെബ്രുവരിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ബന്ധു ചോദ്യം ചെയ്തതിൽ പ്രകോപിതരായ ശ്രീജിത്തും സുഹൃത്തായ രാഹുൽ രാജും ബന്ധുവിനെ ബാത്റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ടാം പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരിപ്പൂർ ഭാഗത്ത് വെച്ച് നെടുമങ്ങാട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ കാപ്പ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വിൽപ്പന, പൊലീസിനെ ആക്രമിക്കൽ ഉൾപ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


