കോഴിക്കോട് ഫിഷിങ് ഹാർബറിൽ നിയമവിരുദ്ധമായി കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ശ്രമിച്ച ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. 'ചെറാട്ടയിൽ' എന്ന ബോട്ടിൽ നിന്ന് 15 എൽഇഡി ലൈറ്റുകൾ പിടിച്ചെടുക്കുകയും ഉടമയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
കോഴിക്കോട്: നിയമവിരുദ്ധമായി കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനൊരുങ്ങിയ ബോട്ട് അധികൃതര്‍ പിടികൂടി. മലപ്പുറം എടരിക്കോടിനടുത്ത് ക്ലാരി സ്വദേശി വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'ചെറാട്ടയില്‍' ബോട്ടാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നിന്ന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന് വിരുദ്ധമായും കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്ന തരത്തിലും ഉയര്‍ന്ന ശേഷിയുള്ള വെളിച്ച സംവിധാനം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങവേയാണ് ഹാര്‍ബറില്‍ നിന്ന് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.
500,250 വാട്ട് ശേഷിയുള്ള 15 എല്‍ഇഡി ലൈറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ ഓഫ് ഗാര്‍ഡ് രാജേഷ്, ഗാര്‍ഡുമാരായ അരുണ്‍, ജീന്‍ദാസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ രാജേഷ്, ഷൈജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


