തൃശ്ശൂർ: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയ പാതയുടെ ശോച്യാവസ്ഥക്കെതിരെ  ഓട്ടോറിക്ഷകളുമായി കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രദേശത്തെ ഡ്രൈവര്‍മാരുടെ പ്രതിഷേധം. തകര്‍ന്നടിഞ്ഞ റോഡിലൂടെ സ്ഥിരം യാത്ര ചെയ്യുന്നത് മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉള്ളതെന്ന് ഡ്രൈവര്‍മാർ പറയുന്നു.

കിലോ മീറ്ററോളം കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്ക് പുറമേ, മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കാണ് ദേശീയ പാതയിൽ അനുഭവപ്പെടുന്നത്. ഇതിലൂടെ ഓട്ടോറിക്ഷ ഓടിച്ചാൽ ഇന്ധന കാശ് പോലും കിട്ടുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി. 

മഴയ്ക്ക് ശേഷം റോഡ് നന്നാക്കുമെന്നാണ് അധികൃതര്‍ ഉറപ്പ് നൽകിയിരുന്നത്. എന്നാല്‍ ഇതുവരെ അത് നടപ്പായില്ല. ഇതോടെയാണ് പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങിയത്. പാണഞ്ചേരി പഞ്ചായത്തിലെ 1000ത്തോളം ഡ്രൈവര്‍മാരാണ് 250 ഓട്ടോറിക്ഷകളുമായി പ്രതിഷേധറാലി നടത്തിയത്.

വഴുക്കുംപാറ മുതല്‍ പട്ടിക്കാട് വരെയാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.