ഓട്ടോ ആംബുലൻസിന് പിന്നിൽ തട്ടിയതിൽ തുടങ്ങിയ തർക്കം, പൊലീസ് സ്റ്റേഷനിലും അക്രമം; പഞ്ചായത്തംഗമടക്കം റിമാൻഡിൽ
പൂവാർ ഗ്രാമപ്പഞ്ചായത്ത് അംഗം ശരത്കുമാർ, പൂവാർ സ്വദേശി അൻസിൽ എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റു ചെയ്തത്

തിരുവനന്തപുരം: പൂവാർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പൊലീസിനെ ഭീഷണിപ്പെടുത്തുകയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേരെ കോടതി റിമാൻഡു ചെയ്തു. പൂവാർ ഗ്രാമപ്പഞ്ചായത്ത് അംഗം ശരത്കുമാർ, പൂവാർ സ്വദേശി അൻസിൽ എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ഇവർ സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.
പുല്ലുവിള സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പൂവാർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിന് പിന്നിൽ തട്ടിയത് സംബന്ധിച്ചുണ്ടായ തർക്കമാണ് സംഭവത്തിൻ്റെ തുടക്കം. ഡി വൈ എഫ് ഐ പ്രവർത്തകനായ ആംബുലൻസ് ഡ്രൈവർക്ക് അന്ന് മർദ്ദനമേറ്റിരുന്നു. ഇതേത്തുടർന്ന് ശ്യാംകുമാർ, യേശുദാസ്, തോമസ് എന്നീ പുല്ലുവിള സ്വദേശികളെ പൂവാർ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഇതറിഞ്ഞ് സ്റ്റേഷനിൽ പ്രകടനവുമായി എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറി പൊലീസ് പിടികൂടിയവരെ മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ പൊലീസുകാർക്കും മർദ്ദനമേറ്റിരുന്നതായി ആക്ഷേപവും ഉയർന്നിരുന്നെങ്കിലും കണ്ടാലറിയാവുന്ന നിരവധിപ്പേർക്കെതിരേ കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റു ചെയ്തത്. എന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയിട്ടില്ലെന്നും ആംബുലൻസ് ഡ്രൈവറെ മർദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ എത്തുക മാത്രമായിരുന്നുവെന്നുമാണ് സി പി എം പ്രാദേശിക നേതൃത്വം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സി പി എം പ്രാദേശിക നേതൃത്വം പറയുന്നത് ഇങ്ങനെ
പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് സി പി എം പ്രാദേശിക നേതൃത്വം പറയുന്നത്. ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തതെന്നും സി പി എം പ്രാദേശിക നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തുക മാത്രമായിരുന്നുവെന്നും സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.