മാവേലിക്കര:മൊബൈല്‍ മദ്യ വ്യാപാര വാഹനം മാവേലിക്കര എക്‌സൈസ് പിടികൂടി. മാവേലിക്കര തഴക്കര വഴുവാടി എബിന്‍ ഭവനത്തില്‍ സോളമന്‍ (53)നെയും മദ്യം വിറ്റഴിക്കാന്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ വാഹനവുമാണ് മാവേലിക്കര എക്‌സൈസ് സംഘം പിടികൂടിയത്.

ആവശ്യക്കാര്‍ മൊബൈലില്‍ വിളിച്ചറിയിക്കുന്നതനുസരിച്ച് വാഹനത്തില്‍ മദ്യം എത്തിച്ചു നില്‍കുകയായിരുന്നു ഇയാളുടെ പതിവ്. തഴക്കര, പുതിയകാവ്, മാവേലിക്കര, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പ്രതിദിനം 8000 രൂപയുടെ മദ്യമാണ് ഇയാള്‍ വിറ്റഴിച്ചിരുന്നത്. മദ്യവ്യാപാരശാലകള്‍ക്ക് അടവ് വരുന്ന ദിവസങ്ങളില്‍ തോത് ഇതില്‍ ഇരട്ടിയാണ്. ആവശ്യക്കാര്‍ ഫോണില്‍ വിളിക്കുമ്പോള്‍ പേരോ മറ്റ് അടയാളങ്ങളോ ഇല്ലാത്ത ഇയാളുടെ ആട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. 

ആട്ടോറിക്ഷയില്‍ മദ്യം സൂക്ഷിക്കുന്നതിനായി പ്രത്യേക അറകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യ വില്‍പ്പനശാലകള്‍ അവധിയിലായിരുന്നതിനാല്‍ മദ്യം വന്‍തോതില്‍ വിറ്റഴിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തി വന്ന പരിശോധനയിലാണ് സോളമന്‍ പിടിയിലായത്. പുതിയകാവ് പ്രതിഭാ തീയറ്ററിന് മുന്‍പില്‍ മദ്യം കൈമാറുമ്പോളായിരുന്നു ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 11 ലിറ്റര്‍ മദ്യവും മദ്യ കച്ചവടം നടത്തി ലഭിച്ച 2500 രൂപയും കണ്ടെടുത്തിട്ടുണ്ട്.