ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും  പെരിയാറിലെ അദൈ്വതാശ്രമം കടവു മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം 60 മിനിട്ടില്‍ നീന്തിക്കയറി റെക്കോര്‍ഡ് നേടുകയും ചെയ്ത ആസിം വെളിമണ്ണ അധ്യാപകന്റ റോളിലെത്തിയത് കുട്ടികളില്‍ കൗതുകവും പ്രചോദനവുമായി

കോഴിക്കോട്: ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും പെരിയാറിലെ അദൈ്വതാശ്രമം കടവു മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം 60 മിനിട്ടില്‍ നീന്തിക്കയറി റെക്കോര്‍ഡ് നേടുകയും ചെയ്ത ആസിം വെളിമണ്ണ അധ്യാപകന്റ റോളിലെത്തിയത് കുട്ടികളില്‍ കൗതുകവും പ്രചോദനവുമായി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കല്‍ കാരുണ്യതീരം കാമ്പസിലാണ് ആസിം വെളിമണ്ണ അധ്യാപകന്റെ റോളിലെത്തിയത്. 

ആസിമിനെ ചില വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെതന്നെ പേരു കൊണ്ട് പരിചയമുണ്ടായിരുന്നു. ആസിമിനെ കാണാനും കൂടെ നില്‍ക്കാനുമായി വിദ്യാർത്ഥികളും ഒപ്പം കൂടി. കുട്ടികളുടെ സ്‌നേഹ വായ്പില്‍ വീര്‍പ്പുമുട്ടിയ ആസിം അവരോട് അടുത്തിടപഴകുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വിദ്യാര്‍ത്ഥികളുമായി ഏറെ നേരം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച ആസിം എല്ലാവരും നക്ഷത്രങ്ങളെ പോലെ ജ്വലിച്ചു നില്‍ക്കണമെന്ന് അവരോട് ഉപദേശിച്ചു. 

നാളെയുടെ താരങ്ങളായി മാറാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിച്ചു. പാട്ടുപാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ പരിചയപ്പെടുത്തി. തങ്ങള്‍ വരച്ച ചിത്രങ്ങളും ഗ്ലാസ് പെയിന്റിംഗും അവര്‍ ആസിമിന് കാണിച്ചുകൊടുത്തു. ഗ്ലാസ് പെയിന്റിംഗില്‍ കാല്‍കൊണ്ട് ചിത്രം വരച്ച് ആസിം വിദ്യാര്‍ത്ഥികളെ വിസ്മയിപ്പിച്ചു. 

സ്‌കൂള്‍ മുഴുവന്‍ ചുറ്റിക്കാണുകയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചെയ്ത ആസിം കാരുണ്യതീരത്തിന്റെ വിപുലീകരണാര്‍ത്ഥം പുതുതായി ഏറ്റെടുത്ത കെയര്‍ വില്ലേജ് പ്രോജക്ട് സൈറ്റും സന്ദര്‍ശിച്ചാണ് മടങ്ങിയത്. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍, ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യൂട്ടവ് മെംബര്‍ കെ.അബ്ദുല്‍ മജീദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലുതാംസ് എന്നിവര്‍ ചേര്‍ന്ന് ആസിമിനെ സ്വീകരിച്ചു.

വീണ്ടും 'കനിവായി' 108 ആംബുലന്‍സ് ജീവനക്കാര്‍; ആദിവാസി യുവതിക്ക് വീട്ടില്‍ പ്രസവം

കല്‍പ്പറ്റ: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചു. കല്‍പ്പറ്റ പുഴമുടി പടപുരം കോളനിയില്‍ അജിയുടെ ഭാര്യ മായ (26) യാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മായക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തുകയും മായയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. 

വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പി സി ഷാബിന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. വാഹനം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഒരു കിലോമീറ്ററോളം സ്ട്രെച്ചറുമായി നടന്നാണ് ആംബുലന്‍സ് സംഘം മായയുടെ അടുത്ത് എത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ നടത്തിയ പരിശോധനയില്‍ മായയെ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ല എന്ന് മനസിലാക്കി. തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 

12.30ന് ധന്യയുടെ പരിചരണത്തില്‍ മായ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് അമ്മക്കും കുഞ്ഞിനും ധന്യ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കൂടെ സഹായത്തോടെ സ്ട്രെച്ചറില്‍ മായയെയും കുഞ്ഞിനേയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് ഷാബിന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.