തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ മേയറായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പേരാണ് ബേബി ബാലകൃഷ്ണന്‍ എന്നത്. 1995 ല്‍ ആര്യ രാജേന്ദ്രന്റെ ഇപ്പോഴത്തെ വയസ്, 21മത്തെ വയസില്‍ കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിന്‍റെ സാരഥ്യം ഏറ്റെടുത്ത വ്യക്തിയാണ് ബേബി. ഇപ്പോള്‍ നിയുക്ത കാസര്‍കോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് ഇവര്‍. ആക്കാലത്തെക്കുറിച്ച്, പുതുതലമുറയെക്കുറിച്ച് ബേബി പറയുന്നു.

1995 ല്‍ ഏറ്റെടുത്ത ഉത്തരവാദിത്വം...

1991 ല്‍ തന്നെ സാക്ഷരത പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. 1995ല്‍ 73,74 ഭരണഘടന ഭേദഗതിയെ തുടര്‍ന്ന് സെപ്തംബര്‍ മാസത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നാണ് ആദ്യമായി പഞ്ചായത്തിലേക്ക് 33 ശതമാനം വനിത സംവരണം വരുന്നത്. ഞാന്‍ ഡിഗ്രികഴിഞ്ഞ് ബിഎഡിന് അപേക്ഷിച്ച് നില്‍ക്കുകയായിരുന്നു ആ സമയത്ത്. കൂടുതല്‍ യുവാക്കളെയും മറ്റും മത്സരിപ്പിക്കുന്നതിന്‍റെ ഭാഗമായി പാര്‍ട്ടി മത്സരിക്കാന്‍ അവസരം നല്‍കിയത്. അന്ന് ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി അംഗവും, എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും ആയിരുന്നു. അതിന് മുന്‍പ് സാക്ഷരതാ പ്രചരണകാലത്ത് റിസോര്‍സ് പേഴ്സണായി നിന്ന സമയത്തും, ഗസറ്റ് നോക്കാനും പോയ പരിചയം മാത്രമേ ഇനിക്ക് പഞ്ചായത്തുമായി ഉണ്ടായിരുന്നുള്ളൂ. അന്ന് എന്‍റെ കൂടെ വിജയിച്ച് വന്നത് നാല് വനിത അംഗങ്ങളാണ്.  അവിടെ നിന്നാണ് മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ഉത്തരവാദിത്വം പാര്‍ട്ടി എന്നെ ഏല്‍പ്പിക്കുന്നത്. 

ആ ഉത്തരവാദിത്വം അന്ന് വളരെ നന്നായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നാണ് തോന്നുന്നത്. പിന്നീട് മികച്ച പഞ്ചായത്ത് പ്രസിഡന്‍റിനുള്ള അവാര്‍ഡ് തേടിയെത്തി. ഒപ്പം തന്നെ ഇന്ത്യയിലെ തന്നെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരവും അന്ന് മടിക്കൈ പഞ്ചായത്തിനെ തേടിയെത്തി. ഇതിന്റെ അംഗീകാരമായി തന്നെയാണ് 2000ത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കാന്‍ അവസരം തന്നത്. അന്ന് ജനറല്‍ സീറ്റിലാണ് മത്സരിച്ചത്. വനിത സംവരണം അല്ലാഞ്ഞിട്ടും എന്നെ വീണ്ടും പ്രസിഡന്‍റാക്കി. തുടര്‍ന്ന് 2005-10 കാലഘട്ടത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംബന്ധിച്ച് ബംഗ്ലാദേശില്‍ പോയി ക്ലാസ് എടുക്കാനും അവസരം ലഭിച്ചു. 

പുതിയ ചെറുപ്പക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നയിക്കാനെത്തുന്നു, അവരോട് പറയാനുള്ളത്...

തിരുവനന്തപുരം നഗരസഭയിലെ മേയറായി വരുന്ന ആര്യ, അടക്കം ഒട്ടനവധി ചെറുപ്രയക്കാര്‍ ഇന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നായകരായി എത്തുന്നു. അവര്‍ക്ക് യാതൊരു ഭയത്തിന്‍റെയും ആവശ്യമില്ല. പഞ്ചായത്ത് രാജ് ആക്ടിനെക്കുറിച്ചും, പദ്ധതി നടത്തിപ്പുകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടെങ്കില്‍ തന്നെ ധൈര്യമായി മുന്നോട്ടുപോകാം. അതോടൊപ്പം തന്നെ ഒരു മത്സര ബുദ്ധിവേണം. നമ്മുക്ക് കൂടുതല്‍ പണം ചിലവഴിക്കണം, എറ്റവും നല്ല വാര്‍ഡാകാണം, ഏറ്റവും നല്ല പഞ്ചായത്താകണം, അതിന് വേണ്ട പദ്ധതി രൂപീകരിക്കണം. അതില്‍ ഒരു ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ ചെറിയ പ്രായമുള്ള കുട്ടികള്‍ക്ക് സാധിക്കും. ചെറിയ പ്രായത്തില്‍ അവര്‍ക്ക് മത്സരബുദ്ധിയോടെ കാര്യങ്ങള്‍ കാണുവാന്‍ സാധിക്കും. അതിന് അനുസരിച്ച് ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാനും സാധിക്കും. ചിലപ്പോള്‍ പ്രായം കൂടിയവരില്‍ ആ ആവേശം ഉണ്ടാകണമെന്നില്ല. അവരുടെ നല്ല പ്രായം നാടിന്‍റെ വികസനത്തിന് വേണ്ടി ചിലവഴിക്കാനുള്ള വലിയ അവസരമാണ് വന്നിരിക്കുന്നത്. ഒരു തരത്തിലുള്ള ഭയവും ആവശ്യമില്ല. രാഷ്ട്രീയമായ എല്ലാ പിന്തുണയും ലഭിക്കും. ഞാന്‍ പ്രസിഡന്റായിരുന്ന കാലത്ത് പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ആരെങ്കിലും എന്നെ പരിഗണിക്കാതിരുന്നിട്ടില്ല, ഉദ്യോഗസ്ഥ തലത്തിലോ പഞ്ചായത്ത് തലത്തിലോ അത് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. ഇത് തന്നെയാണ് പുതിയ തലമുറയ്ക്കും അനുഭപ്പെടാന്‍ പോകുന്നത്.

പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായം ഒരു ഘടകമല്ല...

പ്രായം കുറഞ്ഞവര്‍ എന്നത് പ്രവര്‍ത്തനത്തിനോ, പക്വമായ ഇടപെടലിനോ ഒരു തടസ്സമല്ല. ‌ഞാന്‍ ആദ്യ പ്രസിഡന്‍റായിരുന്ന കാലത്താണ് 1997ല്‍ കേരളത്തില്‍ ജനകീയസൂത്രണം നടപ്പിലാക്കുന്നത്. അന്ന് 23 വയസുള്ള എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ജില്ലയിലെ പ്രധാന റിസോര്‍സ് പേഴ്സണ്‍സില്‍ ഒരാള്‍ എന്നതായിരുന്നു. അന്ന് എന്‍റെ പഞ്ചായത്തിന് പുറമേ ജനകീയാസൂത്രണത്തെക്കുറിച്ച് പറയാന്‍ മറ്റ് പഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചു. അതിന്‍റെ തുടര്‍ച്ചയായി കിലയില്‍ ഇപ്പോഴും ഗസ്റ്റ് ഫാക്കല്‍റ്റിയായി പോകാറുണ്ട്. ഇതിന് പുറമേ കുടുംബ ശ്രീ അടക്കമുള്ളവ നടപ്പിലാക്കിയതും ആക്കാലത്തായിരുന്നു. അതിന്‍റെ മുന്‍പ് തന്നെ ഗ്രാമശ്രീ പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രായം ഒരു ഘടകമല്ല. ശരിക്കും സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ ജനങ്ങള്‍ക്ക് അനുകൂലമായി എത്രത്തോളം വ്യാഖ്യാനിച്ച് ഉപകാരപ്രഥമായി നടപ്പിലാക്കാം എന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വെല്ലുവിളി. അതിന് ഉദ്യോഗസ്ഥരുമായും മറ്റും പലപ്പോഴും തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവരും. ചെറുപ്പക്കാരായവര്‍ക്ക് അത് നന്നായി സാധിക്കുകയും ചെയ്യും. 

ജില്ല പഞ്ചായത്തിലേക്ക് വെല്ലുവിളികള്‍

പുതിയ ഉത്തരവാദിത്വമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ ഇപ്പോള്‍ ഏല്‍ക്കാന്‍ പോകുന്നത്, ജില്ല പഞ്ചായത്തിന്‍റെ പദ്ധതി ചെലവുകള്‍ കുറവാണ്. എങ്കിലും ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനായിരിക്കും മുന്‍ഗണന നല്‍കുക. ജില്ലയുടെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുക എന്നതാണ് പ്രഥമികമായ ലക്ഷ്യം. അതിനൊപ്പം കുടിവെള്ളം എല്ലായിടത്തും എത്തിക്കുക, മാലിന്യ സംസ്കരണം എന്നിവ പ്രധാന ഉത്തരവാദിത്വങ്ങളായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. തൊഴില്‍ ഇല്ലാത്ത ഒട്ടനവധി യുവാക്കളുണ്ട് അവര്‍ക്ക് അവശ്യമായ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. കേന്ദ്ര കേരള സര്‍ക്കാര്‍ സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.