വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്ന ശ്രീദേവിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു.

മണ്ണഞ്ചേരി: ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്ന ശ്രീദേവിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു.
അടുക്കളയിൽ പോയി മടങ്ങി വന്ന അമ്മ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബഹളമുണ്ടാക്കുകയും നാട്ടുകാരും വീട്ടുകാരും ചേർന്ന് തിരയുകയുമായിരുന്നു. പിന്നീട് വീടിന് പിന്നിലെ കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ
കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തി സംസ്കരിക്കും.