Asianet News MalayalamAsianet News Malayalam

ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു, കാവൽ നിന്ന് കാട്ടാനക്കൂട്ടം, രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ പുറത്തേക്ക്

ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ ആനക്കുട്ടി വീണത്

baby elephant fell into septic tank, a herd of elephants stood guard and finally RRT team rescued
Author
First Published Jan 31, 2024, 11:56 AM IST

തൃശൂര്‍: അതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണു. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. അധികം ദൂരെയല്ലാതെ കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്ലാന്‍റേഷൻ കോർപറേഷന്‍റെ  പഴയ ക്വാർട്ടേഴ്‌സിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കുട്ടി വീണത്. രാവിലെ പണിക്കെത്തിയ തോട്ടം തൊഴിലാളികളാണ് ആനക്കുട്ടിയുടെ ഞരക്കം കേട്ട് നോക്കിയത്. സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.കുട്ടിയാനയ്ക്കൊപ്പമുള്ള കാട്ടാനക്കൂട്ടം അധികം ദൂരെ പോയിട്ടില്ലാത്തതിനാല്‍ ഏറെ ജാഗ്രതയോടെയായിരുന്നു രക്ഷാ പ്രവര്‍ത്തനം.

കുഴി തുരന്ന ശേഷം വൃത്താകൃതിയിലുള്ള  നെറ്റ് ഇറക്കിയാണ് ആനക്കുട്ടിയെ കരയ്ക്കു കയറ്റിയത്.രക്ഷാ പ്രവര്‍ത്തനം മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്നു. പുറത്തെത്തിച്ച ആനക്കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.കാട്ടാനക്കുട്ടിയ്ക്ക് കാര്യമായ പരിക്കുകളില്ല.കരയ്ക്കു കയറ്റിയതിന് പിന്നാലെ ആനക്കുട്ടിയെ കാട്ടിലേക്ക് തുറന്നു വിട്ടു. വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കുട്ടി കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ന്നോയെന്ന കാര്യം ഉള്‍പ്പെടെ നിരീക്ഷിക്കും. ഒരു വർഷം മുമ്പ് വരന്തരപ്പിള്ളിയിൽ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞിരുന്നു.

ആയിരമല്ല, പതിനായിരമല്ല! കെഎസ്ഇബിയുടെ എട്ടിന്‍റെ പണി! ബിൽ കണ്ട് കണ്ണുതള്ളി തൊഴിലാളികൾ, ഒടുവിൽ ഫ്യൂസും ഊരി

Latest Videos
Follow Us:
Download App:
  • android
  • ios