കോളനിയിലെ ആറ് പേർക്കാണ് ജനുവരിയിൽ 29,000 രൂപ വരെ വൈദ്യുതി ബില്ല് കിട്ടിയത്. തുക അടക്കാൻ കഴിയാതെ വന്നതോടെ ആറു പേരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

ഇടുക്കി: ഇടുക്കി പാമ്പനാർ എൽ.എം.എസ്. പുതുവലിലെ എസ്.സി.കോളനിയിലുള്ളവർക്ക് ഇരുട്ടടിയായി വീണ്ടും അമിത വൈദ്യുതി ബിൽ. കോളനിയിലെ ആറ് പേർക്കാണ് ജനുവരിയിൽ 29,000 രൂപ വരെ വൈദ്യുതി ബില്ല് കിട്ടിയത്. തുക അടക്കാൻ കഴിയാതെ വന്നതോടെ ആറു പേരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. 2022 ജനുവരി മുതലാണ് കെഎസ്ഇബി പാമ്പനാർ എൽഎംഎസ് കോളനിയിലെ കുടുംബങ്ങൾക്ക് ഇരുട്ടടി നൽകിത്തുടങ്ങിയത്. തൊഴിലാളികളും കൂലിപ്പണിക്കാരുമായ 27 കുടുംബങ്ങൾക്ക് 19,000 രൂപ മുതൽ 86,000 രൂപ വരെ വൈദ്യുതി ബില്ലുകൾ അന്ന് നൽകി. ഏതാനും ബൾബുകൾ മാത്രം തെളിക്കുന്നവരായിരുന്നു ഈ വമ്പൻ ബില്ലുകൾ കിട്ടിയതിലധികവും. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും, ജില്ലാ കലക്ടറും പങ്കെടുത്ത അദാലത്തിൽ കോളനി നിവാസികൾ പരാതി നൽകി. മരിച്ചു പോയ മുൻ മീറ്റർ റീഡറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കൂടിയ തുക ബിൽ വരാൻ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കളക്ടറുടെ ഉത്തരവിനെ തുടർന്ന് തുടർന്ന് പകുതി തുക അടച്ചാൽ മതിയെന്ന് അന്ന് തീരുമാനമായിരുന്നു. എന്നാല്‍, ഇപ്പോൾ വീണ്ടും 29,000 രൂപ വരെ വീണ്ടും ബില്ല് ലഭിച്ചതോടെ അടക്കാൻ കഴിയാത്ത സ്ഥിതിയായി. അദാലത്തിൽ പകുതിയാക്കി കുറച്ച തുകയുടെ ബാക്കിയും 18 ശതമാനം പലിശയും ഡെപ്പോസിറ്റ് തുകയും അടക്കമാണ് പുതിയ ബിൽ വന്നിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത്രയും വലിയ തുക ബില്ലായി കിട്ടിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്ന് നിൽക്കുകയാണ് കോളനിക്കാർ. അവശേഷിക്കുന്ന കുടുംബങ്ങൾക്കും വൻതുക ബില്ലു വരുമെന്ന ആശങ്കയും ഇവർക്കുണ്ട്. അമിത ബില്ലിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചവർക്ക് ബിൽ നൽകിയിട്ടുമില്ല.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലുള്ള പ്രതികളെ പിടികൂടാൻ ഇഡി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കത്തിക്കുന്നത് ഒന്നോ രണ്ടോ ബൾബുകൾ മാത്രം;വന്നതാകട്ടെ 29,000 രൂപ വരെയുള്ള ഭീമൻ ബിൽ