തന്നെ പോലെ നെട്ടെല്ല് തകര്‍ന്ന കിടപ്പുരോഗികള്‍ക്കായി ആശ്രയ ഭവനം പണിയുന്നതിനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്  വര്‍ഷങ്ങളായി തൃക്കൂര്‍ സ്വദേശി ബലരാമന്‍. ചക്രക്കസേരയില്‍ സഞ്ചരിക്കുമ്പോഴും ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോവുകയാണ് ബലരാമന്‍.

തൃശൂര്‍: തന്നെ പോലെ നെട്ടെല്ല് തകര്‍ന്ന കിടപ്പുരോഗികള്‍ക്കായി ആശ്രയ ഭവനം പണിയുന്നതിനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് വര്‍ഷങ്ങളായി തൃക്കൂര്‍ സ്വദേശി ബലരാമന്‍. ചക്രക്കസേരയില്‍ സഞ്ചരിക്കുമ്പോഴും ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോവുകയാണ് ബലരാമന്‍.

ആശ്രയഭവനം പണിയാനായി ഓഫ് കാര്‍ റേസിങ് സംഘടിപ്പിക്കുകയാണ് ബലരാമനിപ്പോള്‍. മഹീന്ദ്ര കാര്‍ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന കാറോട്ടം അടുത്ത ബുധനാഴ്ച നടക്കും. തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബലരാമന്‍ ഇതിന് വേണ്ടി തെന്റ പുരയിടത്തോട് ചേര്‍ന്ന അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഓഫ് റോഡ് ഒരുക്കിയിരിക്കുന്നത്. 

20 വര്‍ഷം മുമ്പ് ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ബലരാമന്റെ നട്ടെല്ല് തകര്‍ന്ന് ജീവിതം ചക്രക്കസേരയിലായത്. ഇതുകൊണ്ടൊന്നും തോറ്റ് കൊടുക്കാന്‍ തയാറാകാത്ത ബലരാമന്‍ തന്നെ പോലെ നെട്ടെല്ല് തകര്‍ന്നവര്‍ക്കെല്ലാം കൈത്താങ്ങാവുകയാണ്. 

ശരീരം തളര്‍ന്നവരുടെ മനസ്സിനെ ബലപ്പെടുത്താനുള്ള ക്ലാസുകള്‍ നല്‍കുകയായിരുന്നു നേരത്തെ ഇദ്ദേഹം. പിന്നീട് അത്തരക്കാര്‍ക്കൊരു വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യം നെഞ്ചേറ്റി നടന്നു. മൂന്ന് കുടുബങ്ങള്‍ക്ക് വീടുകള്‍ വെച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ കിടപ്പുരോഗികള്‍ക്ക് ഒരു ആശ്രയ ഭവനം വേണം എന്ന് ബലരാമന്‍ പറയുന്നു. 

ഭവനത്തിന് വേണ്ടി കല്ലൂര്‍ ഭരതയില്‍ സ്ഥലം ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടി. ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുക എന്ന ചിന്തയാണ് ഓഫ് റോഡ് റേസിങ്ങിലേക്ക് എത്തിച്ചത്. പ്രൈസ് മണി ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് മത്സരം നടത്തുന്നത്. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരുക്കിയിരിക്കുന്ന ട്രാക്ക് അല്‍പം കാഠിന്യമേറിയതാണ്. 17ന് രാവിലെ 11ന് ആരംഭിക്കുന്ന മത്സരം വൈകീട്ട് ആറ് വരെ നീളും. ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആശ്രയ ഭവനം കെട്ടിയുയര്‍ത്തുമെന്ന് ബലരാമന്‍ പറയുന്നു.