തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിനുള്ള കൃഷി വകുപ്പിന്‍റെ പുരസ്ക്കാരത്തിന് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് അർഹമായി. സംസ്ഥാന കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് പുരസ്കാരം നല്‍കുന്നത്. 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരത്തിനാണ് അർഹത നേടിയത്. 

ബാലരാമപുരത്തെ ട്രിവാൻഡ്രം  സ്പിന്നിംഗ് മിൽ വളപ്പിൽ ബഹുജന പങ്കാളിത്തത്തോടെ  സുരക്ഷിത പച്ചക്കറി കൃഷിയൊരുക്കിയതിനാണ്  പുരസ്കാരം. കാടും പടർപ്പും പിടിച്ച് ഇഴജന്തുക്കളുടെ താവളമായിരുന്ന നാലേക്കർ ഭൂമിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി ബാങ്ക് കൃഷിയിറക്കിയത്.

1959ൽ സ്ഥാപിച്ച ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിലെ ഭൂമി നാളിതുവരെ യാതൊരാവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലായിരുന്നു. മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശ് രഹിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. നീർത്തടത്തിന്‍റെ സമഗ്ര പരിപാലനത്തിനുതകുന്ന കോണ്ടൂർ ട്രഞ്ചുകൾ തിരിക്കൽ, തട്ടുകളാക്കൽ ,ബണ്ടു നിർമ്മാണം എന്ന പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയപ്പോൾ, ഒപ്പം ചേരാൻ പൊതുനന്മാ ഫണ്ടിൽ നിന്ന് ധനം വിനിയോഗിച്ച് കൃഷിയിറക്കാമെന്നറിയിച്ച് ബാലരാമപുരം സർവീസ് സഹകരണ ബാങ്കും മുന്നോട്ടുവന്നു. ഇതോടെയാണ് കൈത്തറിയുടെ തറവാടായ ബാലരാമപുരം ഹരിതസമൃദ്ധമായ കാർഷിക മുന്നേറ്റത്തിലേക്ക് ചുവടുവെച്ചത്. 

പദ്ധതിയുടെ ഭാഗമായി 271 തൊഴിലാളികൾക്ക് 1791 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി കാർഷിക കർമ്മസേന സെക്രട്ടറി കെ.പി.ശിവകുമാർ, വെള്ളായണി കാർഷിക സർവകലാശാല അഗ്രോണമി പ്രൊഫ. ഡോ.ബാബു മാത്യു, ടെക്നിക്കൽ ഓഫീസർ കെ.എസ്.ഹിറോഷ് ബാബു എന്നിവരു 
ടെ മേൽനോട്ടത്തിലാണ് ഭൂമിയെ കൃഷിയ്ക്ക് ഉപയുക്തമാക്കി മാറ്റാനുള്ള ആദ്യ ഘട്ട  പ്രവർത്തനങ്ങൾ നടന്നത്. 

ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം ബാങ്ക് ഹെഡ് ഓഫീസിൽ സ്ഥാപിച്ചു. സംയോജിത കൃഷിയുടെ ഭാഗമായി പശുവളർത്തൽ, പരിപാലനം, മൽസ്യകൃഷി, പപ്പായ കൃഷി  എന്നിവയും തുടങ്ങി. മികച്ച പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിനുള്ള കാർഷിക പുരസ്കാരം നേടാൻ ബാങ്കിനെ സഹായിച്ച സഹകാരികളോടും ബഹുജനങ്ങളോടും പ്രസിഡന്‍റ് അഡ്വ.എസ്.കെ. പ്രതാപചന്ദ്രൻ നന്ദി അറിയിച്ചു.