ലോറികളിലുളളത് ഭിന്നശേഷിക്കാര്‍ക്കായുളള ഉപകരണങ്ങളാണെന്ന കാര്യം പറഞ്ഞിരുന്നില്ലെന്നാണ് തൊഴിലാളികളുടെ വാദം.
കോഴിക്കോട്: ചുമട്ടുകൂലി തര്‍ക്കത്തെ തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കുളള വീല്‍ ചെയറുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇറക്കി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കുളള വീല്‍ചെയറുകള്‍ ഉള്‍പ്പെടെ രണ്ട് ലോഡ് സാധനങ്ങള്‍ ഇറക്കാന്‍ 11,000 രൂപയായിരുന്നു സിഐടിയുക്കാരായ തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ക്യാംപ് നടത്തി തെരഞ്ഞെടുത്ത 285 പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വഴി കിട്ടിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാനുളളതാണെന്നും പരമാവധി 5000 രൂപ നല്‍കാമെന്നും ബ്ലോക്ക് പ്രസിഡന്റ് വി.കെ അനിതയും ഉദ്യോഗസ്ഥഥരും അറിയിച്ചു. എന്നാല്‍ തൊഴിലാളികള്‍ 7000 രൂപയെങ്കിലും കൂലി കിട്ടിയായാലേ ലോഡ് ഇറക്കാനാകൂ എന്ന് അറിയിച്ചു. തുടര്‍ന്നാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും അസിസ്റ്റന്റ് എന്‍ജിനിയര്‍മാരും ഓവര്‍സിയര്‍മാരുമെല്ലാം ചുമട്ടുകാരാകാന്‍ തീരുമാനിച്ചത്. 35 മിനിട്ട് കൊണ്ട് ലോഡ് ഇറക്കി.
അതേസമയം, ലോറികളിലുളളത് ഭിന്നശേഷിക്കാര്‍ക്കായുളള ഉപകരണങ്ങളാണെന്ന കാര്യം പറഞ്ഞിരുന്നില്ലെന്നാണ് തൊഴിലാളികളുടെ വാദം. രണ്ട് വലിയ ലോറികളില്‍ എത്തിയ ലോഡിനുളള ന്യായമായ കൂലി മാത്രമായിരുന്നു ചോദിച്ചത്. ഈ കൂലി തരാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്കുളള ഉപകരണങ്ങളും മറ്റും മുന്‍പ് സൗജന്യമായി ഇറക്കി നല്‍കിയിട്ടുണ്ടെന്നും തൊഴിലാളികള്‍ അവകാശപ്പെട്ടു.
രാവിലെ എത്തിയ ലോഡ് കൂലി തര്‍ക്കത്തെത്തുടര്‍ന്ന് ഉച്ച കഴിഞ്ഞും ഇറക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സ്വയം ലോഡ് ഇറക്കേണ്ടി വന്നതെന്ന് ഭരണ സമിതി വിശദീകരിച്ചു. മറ്റിടങ്ങളിലൊന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ഉപകരണങ്ങള്‍ വിതരണത്തിനെത്തിച്ച ഏജന്‍സിയും പറഞ്ഞു.

