കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചപ്പോള്‍ കിട്ടിയ സമയം കൃഷിക്കായി നീക്കിവെച്ചതായിരുന്നു പനമരം കൈതക്കലിലെ മുഹമ്മദ് മുഹ്‌സിര്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി

കല്‍പ്പറ്റ: കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചപ്പോള്‍ കിട്ടിയ സമയം കൃഷിക്കായി നീക്കിവെച്ചതായിരുന്നു പനമരം കൈതക്കലിലെ മുഹമ്മദ് മുഹ്‌സിര്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തോട്ടം അപ്പാടെ നിലംപൊത്തിയതോടെ ഈ കൗമാരക്കാരന്‍ കണ്ണീര്‍ക്കയത്തിലാണ്.

മുഹ്‌സിറിന്റെ തോട്ടത്തിലെ 150 വാഴകളാണ് നിലംപൊത്തിയത്. കണിയാമ്പറ്റ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചുകാരനാണ് മുഹ്‌സിര്‍. കൈതക്കലില്‍ തന്റെ വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു കൃഷിയൊരുക്കിയിരുന്നത്. കുല വന്ന വാഴകള്‍ കൂട്ടത്തോടെ വീണതോടെ 25000 രൂപയുടെ നഷ്ടമുണ്ടായതായി മുഹ്‌സിര്‍ പറഞ്ഞു. 

സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ മുഹ്‌സിറിന് സഹപാഠികളുടെയും നാട്ടുകാരുടെയുമൊക്കെ പിന്തുണയുണ്ടായിരുന്നു. കൊവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ ബാക്കിവരുന്ന സമയം കൃഷിക്കായി മാറ്റുകയായിരുന്നു. കമുകി ന്‍തോട്ടമാണെങ്കിലും അടുത്ത കാലത്തൊന്നും ഇടവിളകൃഷി ചെയ്യാത്ത ഭൂമി തനിച്ച് ഒരുക്കിയെടുത്ത് 250 വാഴകളായിരുന്നു നട്ടത്.

എന്നാല്‍ വാഴക്കുല പാകമാകുന്നതിന് മുമ്പ് തന്നെ അധ്വാനം മുഴുവന്‍ പാഴായിരിക്കുകയാണിപ്പോള്‍. കുഴിയെടുത്തത് മുതല്‍ വാഴകള്‍ വലിപ്പമെത്തുന്നത് വരെ മുഹ്‌സിറിന്റെ നിതാന്ത ശ്രദ്ധ കൃഷിയിലുണ്ടായിരുന്നു. അങ്ങനെയിരിക്കെയായിരുന്നു വേനല്‍മഴയോടൊപ്പം കനത്ത കാറ്റുമെത്തിയത്. പണിക്കാരെ വെക്കാതെ 90 ശതമാനം ജോലികളും ഈ വിദ്യാര്‍ഥി തന്നെയായിരുനനു ചെയ്തത്. 

കൃഷിഭവനിലും മറ്റും കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും മതിയായ നഷ്ടപരിഹാരം ലഭിക്കുമോ എന്നതും ആശങ്കയാണ്. കൈതക്കല്‍ സ്വദേശികളായ ചിടുക്കില്‍ അഷ്‌റഫിന്റെയും സുലൈഖയുടെയും മകനാണ് മുഹ്‌സിര്‍. പതിനായിരങ്ങളുടെ നഷ്ടമുണ്ടായെങ്കിലും ആരുടെയും നിര്‍ബന്ധമില്ലാതെ കൃഷിക്കിറങ്ങിയ മുഹ്‌സിര്‍ സ്‌കൂള്‍ തുറക്കുന്നത് വരെ കാര്‍ഷികവൃത്തി തുടരാന്‍ തന്നെയാണ് തീരുമാനം.