കല്‍പ്പറ്റ: പ്രദേശത്ത് ആകെയുള്ള ബാങ്ക് തുറക്കാത്തതിനെതിരെ വേറിട്ട പ്രതിഷേധം നടത്തി വടക്കേ വയനാട്ടിലെ വാളാട് നിവാസികള്‍. വാളാട് ടൗണില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ മുന്നില്‍ കഴിഞ്ഞ ദിവസമാണ് ബാങ്കിലെത്തിയവര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. രാവിലെ പത്ത് മണിയോടെയാണ് ബാങ്കിലെത്തിയതായിരുന്നു പലരും. ക്രിസ്തുമസ് ആയതിനാല്‍ പലരും പണം എടുക്കാനാണ് ബാങ്കിലെത്തിയത്. എന്നാല്‍ സംസ്ഥാന തലത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വാളാട് ശാഖയും ദിവസങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

രാവിലെ ബാങ്ക് തുറക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേര്‍ എത്തിയിരുന്നു. ബാങ്ക് തുറക്കില്ലെന്ന് അറിഞ്ഞതോടെയാണ് ഇവരില്‍ ചിലര്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ഒരു മണിക്കൂറിലേറെ വാളാട് റോഡില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. 

ബാങ്ക് സമരം കാരണം വാളാട് പ്രദേശത്തുള്ള നിരവധി പേരാണ് ഇടപാട് നടത്താന്‍ കഴിയാതെ വലഞ്ഞത്. വാളാട് ടൗണില്‍ ഗ്രാമീണ്‍ ബാങ്ക് മാത്രമാണുള്ളത്. ഇവിടെ  എ.ടി.എം സംവിധാനം ഇല്ലാത്തത് മൂലം പണം പിന്‍വലിക്കാന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തലപ്പുഴയിലോ മാനന്തവാടിയിലോ എത്തേണ്ട സാഹചര്യവും നിലവിലുണ്ട്. ഇക്കാരണം കൊണ്ട് കൂടിയാണ് പ്രതിഷേധം  ശക്തമായത്.