കോഴിക്കോട്: മകന്‍ എടുത്ത വായ്പയുടെ പേരിൽ വയോധികയെ കുടിയിറക്കി ബാങ്കിന്റെ ജപ്തി നടപടി. കോഴിക്കോട് കല്ലാച്ചി പയന്തോങ് സ്വദേശി പ്രേമയാണ് വായ്പ തുക തിരിച്ചടിയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് അധികൃതരുടെ ക്രൂരതയ്ക്ക് ഇരയായത്. വീട് ജപ്തി ചെയ്തതോടെ വീട്ടുവരാന്തയിലാണ് പ്രേമ അന്തിയുറങ്ങുന്നത്.

35 ലക്ഷത്തിലധികം രൂപയാണ് പ്രേമയുടെ മകൻ ബിനുമോൻ സിൻഡിക്കേറ്റ് ബാങ്കിൽ വായ്പ ഇനത്തിൽ തിരിച്ചടക്കാൻ ഉള്ളത്. ജപ്തി നടപടിയുമായി ബാങ്കുകാർ വീട്ടിലെത്തിയതിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് മകൻ വായ്പ എടുത്ത കാര്യം പ്രേമ അറിഞ്ഞത്. ഭ‍ർത്താവിന്‍റെ പേരിലുള്ള ഭൂമി കൈവശപ്പെടുത്തി മകൻ വായ്പ എടുത്തുവെന്നാണ് പ്രേമയുടെ ആരോപണം. ജപ്തി നടപടി നേരിടാൻ പോകുകയാണെന്ന് അറിഞ്ഞതിനുശേഷം ബിനുമോനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും പ്രേമ പറഞ്ഞു.

അസുഖം ബാധിച്ച് കിടക്കുന്ന സമയത്താണ് മകൻ ആധാരം തന്റെ കയ്യിൽനിന്ന് വാങ്ങിച്ചത്. വീടിന്റെ തിണ്ണയിൽ കിടക്കാൻ അനുവദിച്ചാൽ മതി. ചെലവിനൊന്നും തരേണ്ടാ എന്നും പ്രേമ കൂട്ടിച്ചേർത്തു. അതേസമയം, സർഫാസി നിയമപ്രകാരമാണ് ജപ്തി നടപടി എന്നാണ് ബാങ്കിന്റെ വിശദീകരണം. നിരവധി തവണ അറിയിപ്പ് നൽകിയിട്ടും വായ്പ തിരിച്ചടക്കാത്തതിനാലാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്.

ഏത് തരം വായ്പയാണ് നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും ബാങ്ക് മനേജർ പറഞ്ഞു. സർഫാസി ആക്ടിന്‍റെ പേരിൽ ആരെയും തെരുവിലിറക്കില്ലെന്ന് സർക്കാരിന്‍റെ പ്രഖ്യാപനം നിലനിൽക്കെയാണ് സിൻഡിക്കേറ്റ് ബാങ്കിന്‍റെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്.