വയനാട്: വയനാട് ബത്തേരിയിൽ പാമ്പുകടിയേറ്റ ഷഹല ഷെറിൻ സമയത്തിന് ചികിൽസ കിട്ടാതെ മരണത്തിന് കീഴടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വെൻറിലേറ്റർ അടക്കമുള്ള സംവിധാനങ്ങളൊന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല. അപകടനിലയിൽ ആശുപത്രിയിലെത്തിക്കുന്ന കുട്ടികളെ ഇപ്പോഴും മറ്റെവിടേക്കെങ്കിലും റഫർ ചെയ്യേണ്ട ഗതികേടിലാണ് ഡോക്ടർമാർ. ഷഹലയുടെ മരണശേഷം സർക്കാർ അടിസ്ഥാനസൗകര്യവികസനത്തിന്‍റെ കാര്യത്തിൽ ബത്തേരി സര്‍വ്വജന സ്കൂളിനോട് കാണിച്ച നീതി താലൂക്ക് ആശുപത്രിയോട് കാട്ടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ബത്തേരി താലൂക്കാശുപത്രിയിലെത്തിച്ച ഷഹല ഷെറിനെ മെഡിക്കല്‍ കോളേജിലേക്കയക്കാന്‍ ‍ഡോ ജിസ മെറിന്‍ പറഞ്ഞ കാരണം പീഡിയാട്രിക് വെന്‍റിലേറ്ററിന്‍റെ കുറവായിരുന്നു.  പത്തുവയസിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ പിഡിയാട്രിക് വെന്റിലേറ്റര്‍ ഉടന്‍ സ്ഥാപിക്കുമെന്നായിരുന്നു ഷഹ്ലയുടെ മരണമുണ്ടായ ഉടന്‍ ആരോഗ്യവകുപ്പ്  നല്കിയ വാഗ്ദനം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 

പത്തുവയസിന് താഴെയുള്ള കുട്ടികളെ ഗുരുതരാവസ്ഥയില്‍  ബത്തേരിതാലൂക്കാശുപത്രിയിലെത്തിച്ചാല്‍ സ്വകാര്യ ആശുപത്രികളിലേക്കോ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ പറഞ്ഞയക്കണം. യാത്രക്കിടെ കുട്ടി മരണപ്പെടാനുള്ള സാധ്യത ഏറെയാണ്. ബത്തേരി ആശുപത്രിയിലെ മറ്റ് സംവിധാനങ്ങളുടെ കാര്യവും ശോചനീയമാണ്.  പ്രതിദിനം ഇവിടെ ചികിത്സക്കെത്തുന്നത് ആയിരത്തിലധികം രോഗികളാണ്. 

ഷഹലയുടെ മരണ ദിവസം ആശുപത്രിയില്‍ ജോലി ചെയ്യേണ്ട പല ഡോക്ടര്‍മാരും ഒപ്പിട്ടുമുങ്ങിയിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയുണ്ടാകാതിരിക്കാന്‍ നഗരസഭ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വയനാട് ജില്ലയിൽ ഒരിടത്തും സർക്കാർ സംവിധാനത്തിൽ പീഡിയാട്രിക് വെൻറിലേറ്റർ ഇല്ല എന്നുള്ളതാണ് ഏറ്റവും ഗൗരവമുള്ള വസ്തുത.