മാവ്, പ്ലാവ്, പേര തുടങ്ങിയവയുടെ ഫലങ്ങളൊന്നും ഇവര്‍ക്ക് കിട്ടാറില്ല. തെങ്ങുകള്‍ക്ക് നേരെയും വവ്വാലുകളുടെ ആക്രമണം തുടങ്ങി. ആദ്യം ഓല കടിച്ച് നീരൂറ്റിക്കുടിക്കും. പിന്നെ മച്ചിങ്ങയും കുരുത്തോലയും വരെ തിന്ന് തീര്‍ക്കും. 

ഇടുക്കി: വന്യമൃഗങ്ങള്‍ക്കൊപ്പം വവ്വാലുകളുടെ ആക്രമണം കൂടിയായതോടെ പൊറുതി മുട്ടിയിരിക്കുകയാണ് ഇടുക്കി പെരിഞ്ചാംകുട്ടിയിലെ കര്‍ഷകര്‍. നിരവധി വവ്വാലുകളാണ് ഇവരുടെ കൃഷിയിടത്തിനു സമീപത്തെ വനത്തില്‍ തമ്പടിച്ച് കൃഷി നശിപ്പിക്കുന്നത്. 

അഞ്ചു വര്‍ഷത്തോളമായി പെരിഞ്ചാംകുട്ടിയിലെ കര്‍ഷകരുടെ അവസ്ഥ ഇതാണ്. സമീപത്തെ 50 ഏക്കറോളം വരുന്ന തേക്ക് പ്ലാന്റേഷനിലെ നൂറുകണക്കിന് മരങ്ങളാണ് വവ്വാലുകളുടെ താവളം. മാവ്, പ്ലാവ്, പേര തുടങ്ങിയവയുടെ ഫലങ്ങളൊന്നും ഇവര്‍ക്ക് കിട്ടാറില്ല. തെങ്ങുകള്‍ക്ക് നേരെയും വവ്വാലുകളുടെ ആക്രമണം തുടങ്ങി. ആദ്യം ഓല കടിച്ച് നീരൂറ്റിക്കുടിക്കും. പിന്നെ മച്ചിങ്ങയും കുരുത്തോലയും വരെ തിന്ന് തീര്‍ക്കും. ഇതോടെ തെങ്ങ് ഉണങ്ങിപ്പോകും. നിരവധി കര്‍ഷകരുടെ നൂറുകണക്കിന് തെങ്ങുകള്‍ ഇങ്ങനെ നശിച്ചു കഴിഞ്ഞു.

വവ്വാലുകള്‍ നിപ പരത്തുമെന്ന വിവരവും ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്. വവ്വാലുകളെ ഓടിച്ചു വിടാന്‍ ശ്രമിച്ചാല്‍ വനംവകുപ്പ് കേസെടുക്കും. മറ്റു വഴിയില്ലാത്തതിനാല്‍ ഇവയുടെ ശല്യം സഹിച്ച് കഴിയുകയാണിവിടുത്തെ ആളുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona