പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ മർദ്ദിച്ച കേസിൽ പ്രതിക്ക് ഒരു വർഷവും മൂന്ന് മാസവും തടവും 1000 രൂപ പിഴയും വിധിച്ച് കോടതി. കടം വാങ്ങിയ പൈപ്പ് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.

മലപ്പുറം: പട്ടികജാതിയില്‍പ്പെട്ട വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ കുറ്റക്കാരനായ യുവാവിന് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷവും മൂന്നു മാസവും തടവും, 1000 രൂപ പിഴയുമാണ് ശിക്ഷ. വഴിക്കടവ് കാരക്കോട് അമ്പലക്കുന്ന് പനങ്ങേല്‍ വീട്ടില്‍ ഷിബു (40)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2022 ഡിസംബര്‍ 5ന് രാത്രി എട്ട് മണിക്കാണ് സംഭവം. ആറു മാസം മുമ്പ് കടം വാങ്ങിയ പൈപ്പ് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

55കാരിയായ വീട്ടമ്മയെ അയല്‍വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊണ്ടോട്ടി അസി. പൊലീസ് സൂപ്രണ്ടായിരുന്ന വിജയ്ഭാരത് റെഡ്ഡിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.