വണ്ടൂർ: യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ കെട്ടിപ്പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ച മന്ത്രവാദ ചികിത്സ നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീമി (39) നെയാണ് പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്. 

തുവ്വൂർ സ്വദേശിയുടെ ഭാര്യയെയാണ് തടവിലാക്കി മർദിച്ചത്. ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അഗളിയിൽ നിന്നും ഇയാൾ പിടിയിലാകുന്നത്. 

മന്ത്രവാദം നടത്തി മാനസിക പ്രശ്‌നങ്ങളും മാറാരോഗങ്ങളും മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ഇത്തരത്തിൽ വ്യാജ ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലായി താമസിച്ച് മന്ത്രവാദവും ചികിൽസയും നടത്തി വരികയായിരുണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.