എല്‍ഡിഎഫ് ഭരണമാണ് പഞ്ചായത്തിലുള്ളത്. 60 വയസ്സിനു മുകളിലുള്ള 540 പേർക്കാണ് കട്ടിൽ നൽകുന്നതായിരുന്നു പദ്ധതി. 20 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി നീക്കി വച്ചത്

വയോജനങ്ങള്‍ക്കായി പഞ്ചായത്ത് വക കട്ടില്‍, കിടക്കും മുന്‍പ് ഒടിഞ്ഞ് വീണു. അടിമാലി പഞ്ചായത്ത് വന്‍തുക ചെലവിട്ട് വയോജനങ്ങള്‍ക്ക് വേണ്ടി നടത്തിയ കട്ടില്‍ വിതരണം പരിപാടിക്കിടയിലേ പരാതിക്ക് കാരണമായി. 60 വയസ്സിനു മുകളിലുള്ള 540 പേർക്കാണ് കട്ടിൽ നൽകുന്നതായിരുന്നു പദ്ധതി. കോട്ടയത്തുള്ള ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിനായിരുന്നു കട്ടില്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കിയത്.

ഒരു കട്ടില്‍ നിര്‍മ്മിക്കുന്നതിന് 2800 രൂപയായിരുന്നു വില നല്‍കിയത്. വയോജനങ്ങൾക്കൊരു കട്ടിൽ പദ്ധതി എന്ന പരിപാടിക്ക് 20 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 161 കട്ടില് നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാല്‍ കട്ടില്‍ ലഭിച്ചവരില്‍ പലരും പരാതിയുമായി പഞ്ചായത്തില്‍ എത്തേണ്ട അവസ്ഥയാണ് പിന്നീടുണ്ടായത്. എന്നാലും അധികൃതര്‍ പരാതി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ രണ്ടാം ഘട്ട വിതരണത്തിന് കൊണ്ടുവന്ന കട്ടിലില്‍ ഒന്ന് അധികൃതരുടെ മുന്നില്‍ തന്നെ ഒടിഞ്ഞു വീഴുകയായിരുന്നു.

ഇതോടെ വിതരണ പരിപാടി നിര്‍ത്തി വച്ചു. അടിയന്തര കമ്മിറ്റിയുടെ തീരുമാന പ്രകാരം കട്ടില്‍ നിര്‍മ്മാണത്തിന് നല്‍കിയ കരാര്‍ റദ്ദാക്കാനും തീരുമാനം ആയി. എല്‍ഡിഎഫ് ഭരണമാണ് പഞ്ചായത്തിലുള്ളത്. തീരെ ബലമില്ലാത്ത തടികൊണ്ടാണ് കട്ടിലുണ്ടാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളോട് പഞ്ചായത്ത് വിശദീകരണം തേടിയിട്ടുണ്ട്.

വിതരണം ചെയ്ത കട്ടിലുകള്‍ തിരിച്ചെടുത്ത് ഗുണനിലവാരമുള്ളവ നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഗുണനിലവാരം ഇല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കട്ടിലുകൾ തിരികെ കൊണ്ടു പോകുന്നതിന് കരാറുകാരന് നിർദ്ദേശം നല്‍കുമെന്നാണ് സംഭവത്തേക്കുറിച്ച് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിക്കുന്നത്.