ഇടുക്കി: ഒരുനേരത്തെ ആഹാരത്തിന് പലരുടെയും പക്കല്‍ കൈനീട്ടി ഭിക്ഷയാചിക്കുന്ന ഭാസ്‌കരേട്ടനും  ദുരിതബാധിതര്‍ക്കൊപ്പം. വിവിധ സംഘടനകളുടെ നേത്യത്വത്തില്‍ മൂന്നാറില്‍ ആരംഭിച്ച 'അന്‍പോടെ മൂന്നാര്‍' എന്ന സഹായനിധിയില്‍ ആദ്യ സഹായവുമായിത്തിയവരില്‍ ഒരാള്‍ ഭാസ്കരേട്ടനാണ്. 

പ്രളയബാധിതര്‍ക്ക് തണലേകാന്‍ മൂന്നാറില്‍ ആരംഭിച്ച കളക്ഷന്‍ സെന്‍ററില്‍ ആളുകള്‍ പറഞ്ഞ് കേട്ടാണ് ഭാസ്‌കരേട്ടന്‍ എത്തുന്നത്. സ്റ്റേജിനുള്ളില്‍ പൊലീസിന്‍റെ സാന്നിധ്യം കണ്ടതോടെ അദ്ദേഹം ഒന്ന് മാറിനിന്നു. മൂന്നാറിലെ ജനങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങാകണമെന്ന് മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍ പറഞ്ഞതോടെ പോക്കറ്റില്‍ കൈയ്യിട്ട് ആകെയുണ്ടായിരുന്ന 10 രൂപ അദ്ദേഹം സംഭവനയായി നല്‍കി. 

ഒരു നേരത്തെ അന്നത്തിന് ഭിക്ഷയെടുത്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങുമ്പോഴും പ്രളയത്തില്‍ ദുതിതമനുഭവിക്കുന്ന വയനാട്ടിന്‍റെ മക്കള്‍ക്കൊപ്പമായിരുന്നു ഭാസ്‌കരേട്ടന്‍റെ മനസ്സ്. രാവിലെ ചായക്ക് വേണ്ടി മാറ്റിവെച്ചിരുന്ന 10 രൂപയാണ് അദ്ദേഹം സഹായനിധിയിലേക്ക് സംഭാവന ചെയ്തത്. 

മൂന്നാറില്‍ ആരുടെ മുമ്പില്‍ കൈനീട്ടിയാലും 10 രൂപ ലഭിക്കും. ആരോട് ചോദിച്ചാലും ചായ വാങ്ങിനല്‍കും. എല്ലാം നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് നന്നായി അറിയാം. അതുകൊണ്ട് പ്രളയത്തില്‍ മുങ്ങിയവര്‍ക്ക് എന്‍റെ കൈയ്യില്‍ ഉള്ളത് നല്‍കി. ഭാസ്‌കരേട്ടന്‍ പറയുന്നു. രാവിലെ നിറപുഞ്ചിരിയോടെ എത്തുന്ന ഭാസ്കരേട്ടന്‍ പ്രദേശവാസികള്‍ക്ക് അപരിചിതനല്ല. രാവിലെ ഭക്ഷണത്തിനും ചായക്കുള്ള പണം കണ്ടെത്തി ടൗണില്‍ നിന്നും മടങ്ങും. വൈകുന്നേരം ആളോഴിയുന്നതോടെ ഭാസ്കരേട്ടന്‍ കടത്തിണ്ണയില്‍ അഭയം തേടും.