ഷഹീൻ അച്ചടക്കം പാലിച്ചിരുന്നില്ല. ആരെയും അറിയിക്കാതെ പോകുമായിരുന്ന സ്വഭാവമായിരുന്നെന്ന് പ്രൊഫസർ പറഞ്ഞു. കോളേജിൽ അവളെ കാണാൻ പലരും വരാറുണ്ടായിരുന്നു.

ദില്ലി: ഭീകരവാദക്കേസിൽ അറസ്റ്റിലായ ലഖ്നൗ ഡോക്ടർ ഷഹീൻ സയീദിനെക്കുറിച്ച് വെളിപ്പെടുത്തി സഹപ്രവർത്തകനായ പ്രൊഫസർ. ഷഹീന് ഭീകരവാദികളുമായി ബന്ധമുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത അൽ-ഫലാഹ് സർവകലാശാലയിലെ പ്രൊഫസർ എന്‍ഡിടിവി പറഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനായി ഇവർ പ്രവർത്തിച്ചിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഷഹീൻ അച്ചടക്കം പാലിച്ചിരുന്നില്ല. ആരെയും അറിയിക്കാതെ പോകുമായിരുന്ന സ്വഭാവമായിരുന്നെന്ന് പ്രൊഫസർ പറഞ്ഞു. കോളേജിൽ അവളെ കാണാൻ പലരും വരാറുണ്ടായിരുന്നു. പെരുമാറ്റം പലപ്പോഴും വിചിത്രമായിരുന്നു. അവൾക്കെതിരെ മാനേജ്‌മെന്റിനും പരാതികൾ നൽകിയിരുന്നുവെന്നും പ്രൊഫസർ ആരോപിച്ചു. 

കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസിയുമായി (എൻ‌ഐ‌എ) പൂർണമായും സഹകരിക്കുമെന്ന് പ്രൊഫസർ പറഞ്ഞു. സയീദിന്റെ സ്വകാര്യ രേഖകളും അവൾ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളും പരിശോധിക്കണമെന്ന ആവശ്യം കോളേജിലെ പലരും ഉന്നയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ താമസിക്കുന്ന ഷഹീൻ, ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു വേട്ടയുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറിൻ്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ ഇഎം വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതലയാണ് സയീദിന് ലഭിച്ചത്. 

ഷഹീന്‍ അതേ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന കശ്മീരി ഡോക്ടറായ മുസമ്മില്‍ ഗനായി എന്ന മുസൈബുമായി ബന്ധമുണ്ടായിരുന്നു. ഫരീദാബാദിലെ ഗനാലെയുടെ രണ്ട് വാടക മുറികളില്‍ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും കത്തുന്ന വസ്തുക്കളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഗനാലെ അറസ്റ്റിലായത്. ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ നടന്ന ചാവേർ ബോംബ് ആക്രമണവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു.