അൽപ്പാനയുടെ ഫോൺ മിസ്സിംഗാണ്. ഇത് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം കൊല്ലാൻ ഉപയോഗിച്ച കന്പിപ്പാരയും കണ്ടെത്തണം. ഇതിനായി സോണിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം: അയർക്കുന്നത്ത് സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൊല്ലാൻ ഉപയോഗിച്ച കമ്പിപ്പാര കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംശയ രോഗത്തെ തുടർന്നാണ് ബെംഗാൾ സ്വദേശിയായ സോണി ഭാര്യ അൽപ്പാനയെ ഇല്ലാതാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യക്ക് മറ്റാരോടോ അവിഹിത ബന്ധമുണ്ടെന്ന സംശയ രോഗത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു. പ്രതി കൃത്യം ചെയ്യാനുപയോഗിച്ച കമ്പിപ്പാര,അൽപ്പാനയുടെ ഫോൺ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അൽപ്പാനയുടെ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അയർക്കുന്നത്ത് സോണി ജോലി ചെയ്തിരുന്ന വീടിന് സമീപത്ത് നിന്ന് ഭാര്യയുടെ മൃതദേഹം പൊലീസ് കുഴിച്ചെടുത്തത്. 6 ദിവസം മുമ്പ്, ഒക്ടോബർ 14 നായിരുന്നു അൽപ്പാനയെ സോണി കൊന്നത്. അൽപ്പാനയെ വിളിച്ചുവരുത്തിയ ശേഷം ആദ്യം ഭിത്തിയിൽ തലയിടിപ്പിച്ചു. പിന്നാലെ കന്പിപ്പാരകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീടിന് പിൻവശത്ത് കുഴിയെടുത്ത് മൃതദേഹം മറവും ചെയ്തു. പിടിക്കപ്പെടാതിരിക്കാൻ സോണി തന്നെ ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
എന്നാൽ അന്വേഷണത്തോട് സോണി കാര്യമായി സഹകരിക്കാതെ ഇരുന്നതാണ് പൊലീസിന്‍റെ സംശയം ബലപ്പെടുത്തിയത്. ഒടുവിൽ മക്കളുമൊത്ത് നാട് വിടാൻ തുടങ്ങിയ സോണിയെ എറണാകുളത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സോണി കുറ്റം സമ്മതിച്ചത്. അൽപ്പാനയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് ആയിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. അൽപ്പാനയുടെ ഫോൺ മിസ്സിംഗാണ്. ഇത് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം കൊല്ലാൻ ഉപയോഗിച്ച കന്പിപ്പാരയും കണ്ടെത്തണം. ഇതിനായി സോണിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. 5 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകാനാണ് അയർക്കുന്നം പൊലീസിന്‍റെ തീരുമാനം.


